ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ. അമേരിക്ക, ചൈന, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളാണ് നിലവിൽ ഇന്ത്യക്കു മുന്നിലുള്ളത്. യു.കെയെ പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തിയത്. ഇക്കൊല്ലം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഏഴുശതമാനം വളർച്ച നേടുമെന്നാണ് വിലയിരുത്തപ്പെടുന്നു.
പത്തുകൊല്ലം മുൻപ് ഇന്ത്യ ലോക സാമ്പത്തികശക്തികളുടെ പട്ടികയിൽ 11-ാമതായിരുന്നു. അന്ന് ബ്രിട്ടൻ അഞ്ചാംസ്ഥാനത്തും. 2021-ലെ അവസാന മൂന്നുമാസങ്ങളിലെ പ്രകടനമാണ് യു.കെ. മറികടക്കാൻ ഇന്ത്യയ്ക്കു തുണയായത്. ജീവിതച്ചെലവ് ക്രമാതീതമായി ഉയർന്നതാണ് ബ്രിട്ടൻ ആറാം സ്ഥാനത്തേക്ക് താഴാൻ കാരണം. യു.എസ് ഡോളർ ആധാരമാക്കിയാണ് റാങ്കുപട്ടിക തയ്യാറാക്കിയത്. അന്താരാഷ്ട്ര നാണ്യനിധിയിൽനിന്നുള്ള ജി.ഡി.പി. കണക്കുകൾ അടിസ്ഥാനമാക്കുമ്പോൾ ആദ്യപാദത്തിലും ഇന്ത്യ മികവു തുടർന്നിട്ടുണ്ട്.
അടുത്തയാഴ്ച ബ്രിട്ടനിൽ ചുമതലയേൽക്കുന്ന പുതിയ പ്രധാനമന്ത്രിക്ക് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങൾ വൻവെല്ലുവിളി തന്നെയായിരിക്കും. ഇന്ത്യൻ വംശജനായ റിഷി സുനാക്കും ലിസ് ട്രസുമാണ് കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്കും പ്രധാനമന്ത്രിപദത്തിലേക്കും മത്സരിക്കുന്നത്.