Saturday, February 1, 2025

പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍, 180 ാം സ്ഥാനത്ത്

180 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ ഏറ്റവും ഒടുവിലായി ഇന്ത്യ. സൂചികയില്‍ 180ാം സ്ഥാനമാണ് ഇന്ത്യക്ക്. 18.9 പോയിന്റോടെയാണ് എല്ലാ രാജ്യങ്ങള്‍ക്കും പിന്നിലായി ഇന്ത്യ നില്‍ക്കുന്നത്. 2012 ല്‍ 179 ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2020 ല്‍ 168ാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ 2021 ല്‍ 177ാം സ്ഥാനത്തായി. ഇപ്പോള്‍ .6 പോയിന്റ് കുറഞ്ഞാണ് ഏറ്റവും പിന്നിലായത്.

ഡെന്‍മാര്‍ക്കാണ് ഏറ്റവും സുസ്ഥിര രാജ്യമായി പട്ടികയില്‍ ഒന്നാമത്. രാജ്യത്തിന്റെ കാലാവസ്ഥാ നയം, ആവാസവ്യവസ്ഥയുടെ ഉണര്‍വ്, പരിസ്ഥിതിയുടെ ആരോഗ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക കണക്കാക്കുന്നത്. വായു മലിനീകരണം, ജല മലിനീകരണം തുടങ്ങിയവയും സൂചിക തയ്യാറാക്കുന്നതില്‍ പരിഗണിക്കും. ആവാസ വ്യവസ്ഥയുടെ ഉണര്‍വിന് സൂചികയില്‍ ഇന്ത്യക്ക് 19.3 പോയിന്റാണ്. കഴിഞ്ഞ രണ്ട് ദശകമായി ഇക്കാര്യത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 2 പോയിന്റാണ്.

ഡെന്‍മാര്‍ക്ക്, യുകെ, ഫിന്‍ലന്‍ഡ്, മാള്‍ട്ട, സ്വീഡന്‍, എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്. ഒന്നാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്ക് 77.9പോയിന്റിന്റെ നിലവാരത്തിലാണെങ്കില്‍ 180ാം സ്ഥാനത്തുള്ള ഇന്ത്യക്ക് 18.9 പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ. പാകിസ്ഥാന് 24.6 പോയിന്റും ബംഗ്ലാദേശിന് 23.1 പോയിന്റും നേടാനായി.

പരിസ്ഥിതിയുടെ ആരോഗ്യത്തില്‍ മോശം വായു നിലവാരം, കുടിവെള്ളം, ശുചിത്വം എന്നിവ കണക്കാക്കുമ്പോള്‍ 12.5 ആണ് ഇന്ത്യയുടെ സ്‌കോര്‍. സമുദ്രത്തിലെ പ്ലാസ്റ്റിക്, ഖരമാലിന്യം, പുനചംക്രമണം എന്നിവയും പരിതാപകരമാണെന്നും സൂചിക വ്യക്തമാക്കുന്നു.

 

Latest News