ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നു എന്ന അമേരിക്കയുടെ അഭിപ്രായത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. മറ്റുള്ളവര്‍ക്ക് ഇന്ത്യയെക്കുറിച്ച് അഭിപ്രായം പറയാമെന്നും യുഎസിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്കും ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. വാഷിംഗ്ടണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ ലംഘനങ്ങളുടെ വിഷയത്തില്‍ അമേരിക്കന്‍ ലോബികളുടെയും വോട്ട് ബാങ്കിന്റെയും താല്‍പര്യമാണതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ജനങ്ങള്‍ക്ക് നമ്മളെക്കുറിച്ച് ഓരോ കാഴ്ചപ്പാടുണ്ടെന്നും നമുക്ക് തിരിച്ചും അവരുടെ ലോബികളെ കുറിച്ചും വോട്ട് ബാങ്കുകളെ കുറിച്ചും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യ മൗനം അവലംബിക്കില്ല. മറ്റുള്ളവരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും നമുക്ക് കാഴ്ചപ്പാടുണ്ട്. പ്രത്യേകിച്ചും നമ്മുടെ സമൂഹത്തെ അതു ബാധിക്കുമ്പോള്‍ എന്നായിരുന്നു ജയശങ്കര്‍ പറഞ്ഞത്.
റഷ്യ യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് യുഎസിന് ബോധ്യപ്പെട്ടതില്‍ തങ്ങള്‍ക്ക് സംതൃപ്തിയുണ്ടെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിഷയത്തില്‍ പൊതുവിടത്തില്‍ ആ ബോധമില്ലാത്തതില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. യുഎസ് മാധ്യമങ്ങളും ചില കോണ്‍ഗ്രസ് അംഗങ്ങളും വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിച്ചെങ്കിലും ആരുടെയും പേരെടുത്ത് പറയാന്‍ അദ്ദേഹം തയ്യാറായില്ല.
ഭരണകൂടവും നയങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഇന്ത്യയുടെ നിലപാട് മനസ്സിലാക്കിയിട്ടുണ്ടെന്നും എവിടെ നിന്നാണ് ഇന്ത്യ വരുന്നതെന്ന് അവര്‍ക്ക് അറിയാം എന്നും ജയശങ്കര്‍ പറഞ്ഞു. ഇന്ത്യ യുദ്ധത്തിന് എതിരാണെന്നും വിഷയം പരിഹരിക്കാന്‍ എല്ലാ നയതന്ത്രമാര്‍ഗങ്ങളും ഉപയോഗിക്കുമെന്നും ഇന്ത്യ അറിയിച്ചു. ബുച്ചയിലെ കൂട്ടക്കൊലയെ വിമര്‍ശിച്ച ഇന്ത്യ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ ഇന്ത്യ അപലപിക്കാത്തതിനെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ ജയശങ്കറിനും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനും നിരവധി ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. നേരത്തെ യു എന്‍ കൗണ്‍സിലിലടക്കം റഷ്യയെ പ്രതികൂലിച്ച് വോട്ട് ചെയ്യാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നു.