ഇന്ത്യയില്‍ യുവാക്കള്‍ക്കിടയിലും വയോജനങ്ങള്‍ക്കിടയിലും നേരിടുന്ന വലിയ പ്രതിസന്ധിയാണ് ആത്മഹത്യ. ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ സംഭവിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഏപ്രിലില്‍ പുറത്തിറക്കിയ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ 1.71 ലക്ഷം ആളുകളാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത്. 1,00,000 ആളുകളില്‍ 12.4 എന്ന രീതിയില്‍ ആത്മഹത്യാ നിരക്ക് വര്‍ധിച്ചു. ഇന്ത്യയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും വലിയ നിരക്കാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ ആത്മഹത്യാ നിരക്കാണ് ഇത്.
എന്താണ് ആത്മഹത്യാ തോത് വര്‍ധിക്കാന്‍ കാരണമാകുന്നത്?
ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത് പ്രകാരം ഡിപ്രെഷനാണ് പ്രധാന കാരണം. പ്രധാനമായും തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് വിഷാദം. ഡിപ്രെഷന്‍ എന്ന് ഇംഗ്ലീഷില്‍ പറയുന്നു. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, തൊഴില്‍, കുടുംബം, ലൈംഗികജീവിതം എന്നിവയെ വലിയ തോതില്‍ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്.
കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുമ്പോള്‍, രോഗം പിടിപെടുമ്പോള്‍, ജോലി നഷ്ടപ്പെടുമ്പോള്‍, സാമ്പത്തിക പ്രശ്നങ്ങളില്‍പെട്ടുഴലുമ്പോള്‍, പ്രിയപ്പെട്ടവര്‍ മരണപ്പെടുമ്പോള്‍, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍, ബാല്യകാലത്തു അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങള്‍, ബാല്യകാല മുതിര്‍ന്നവരില്‍ ലൈംഗിക ചൂഷണത്തിന് ഇരയായവര്‍, ബലാത്സംഗത്തിന് ഇരയായവര്‍, സ്ത്രീകളില്‍ പ്രസവാനന്തരം, ആര്‍ത്തവവിരാമം അഥവാ മെനോപോസ് തുടങ്ങിയ പല സാഹചര്യങ്ങളും ആളുകളെ വിഷാദരോഗികളാക്കി തീര്‍ക്കാറുണ്ട്.
ജോലി, സാമ്പത്തിക പ്രശ്നങ്ങള്‍, ബന്ധങ്ങളിലുള്ള പ്രശ്നങ്ങള്‍, ആരോഗ്യം തുടങ്ങിയവയൊക്കെ സ്ട്രെസ് വരാന്‍ പ്രധാന കാരണങ്ങളാണ്. സ്ട്രെസ് ഒരുപാട് വര്‍ധിക്കുമ്പോള്‍ അത് ഉത്കണഠയിലേക്കും പിന്നാലെ ഡിപ്രെഷനിലേക്കും നയിക്കും. ഇത് ആത്മഹത്യ ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കും. ആത്മഹത്യ ചെയ്യുന്നവരില്‍ 50 മുതല്‍ 90 ശതമാനം ആളുകളും ഡിപ്രെഷന്‍, ഉത്കണ്ഠ, ബൈപോളാര്‍ ഡിസ്ഓര്‍ഡര്‍ തുടങ്ങി മാനസിക രോഗങ്ങള്‍ നേരിടുന്നവരാണെന്ന് പഠനങ്ങള്‍ പറയുന്നു.
(ശ്രദ്ധിക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പര്‍: 1056)