ഭക്ഷ്യക്ഷാമവും ഭൂകമ്പത്തിന്റെ കെടുതികളും അനുഭവിക്കുന്ന അഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യയുടെ സഹായ ഹസ്തം. പാകിസ്താന്‍ വഴി കടല്‍മാര്‍ഗം 3000 മെട്രിക് ടണ്‍ ഗോതമ്പാണ് ശനിയാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. ഇതോടെ, ആഗോള ഭക്ഷ്യ പദ്ധതിയുടെ ഭാഗമായി 33,500 മെട്രിക് ടണ്‍ ഗോതമ്പ് ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു.
അഫ്ഗാനിസ്ഥാന് നല്‍കി വരുന്ന സഹായത്തിന്റെ ഭാഗമായി ഇന്ത്യ സാങ്കേതിക വിദഗ്ദ്ധരുടെ ഒരു സംഘത്തെ കഴിഞ്ഞ ദിവസം കാബൂളിലേക്ക് അയച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ സഹായ പദ്ധതികള്‍ ഏകോപിപ്പിക്കാനായാണ് ഈ സംഘത്തെ അയച്ചത്.
നേരത്തെ 500,000 ഡോസ് കൊവാക്‌സിന്‍ ഇന്ത്യ അഫ്ഗാനിസ്ഥാന് നല്‍കിയിരുന്നു. കൂടാതെ 13 ടണ്‍ അവശ്യ ഔഷധങ്ങളും, കൊറോണ വ്യാപനത്തിന്റെ നാളുകളില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ എത്തിച്ചിരുന്നു. അഫ്ഗാന്‍ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയ ആദ്യ രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ.