2029 -ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി മാറുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. നിലവിൽ യുഎസ്, ചൈന, ജപ്പാൻ, ജർമനി എന്നിവയ്ക്കു പിന്നിൽ അഞ്ചാമതായാണ് ഇന്ത്യ. നാലാമതുള്ള ജർമനിയെ 2027 -ലും മൂന്നാമതുള്ള ജപ്പാനെ 2029 -ലും ഇന്ത്യ മറികടക്കും.
സമ്പദ‍്‍വ്യവസ്ഥയിൽ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ, ബ്രിട്ടനെ മറികടന്ന് അഞ്ചാമതെത്തിയത് പുതിയ സംഭവമല്ലെന്നും 2021 ഡിസംബറിൽ തന്നെ ഇതുസംഭവിച്ചുവെന്നുമുള്ള നിരീക്ഷണവും റിപ്പോർട്ടിലുണ്ട്. ചൈനയിലേക്കുള്ള നിക്ഷേപങ്ങളുടെ തോത് കുറഞ്ഞത് ഇന്ത്യയ്ക്ക് ഗുണകരമാകും. ഐഫോൺ 14 മോഡലിന്റെ ഉദ്പാദനം ഇന്ത്യയിലേക്കു കൂടി കൊണ്ടുവരാനുള്ള നീക്കം ഈ ശുഭാപ്തിവിശ്വാസത്തിനുള്ള സാക്ഷ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ സാമ്പത്തികവർഷം ലോകത്ത് ഏറ്റവും വേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ട്. ആദ്യപാദ കണക്കനുസരിച്ചാണ് ഈ നിഗമനം. 6.7% – 7.7% വളർച്ചയാണ് ഈ സാമ്പത്തികവർഷം പ്രതീക്ഷിക്കുന്നത്. അനിശ്ചിതത്വം നിറഞ്ഞ കാലത്ത് 6 – 6.5% വളർച്ചയെന്നതാണ് പുതിയ ക്രമമെന്നും എസ്ബിഐ റിസർച്ച് പറയുന്നു.