ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടന്ന 95-ാം ഓസ്‌കാർ പുരസ്‌കാര ചടങ്ങിൽ ഇന്ത്യക്ക് ചരിത്ര നേട്ടം. 2022 ലെ മികച്ച ഗാനത്തിനുള്ള പുരസ്‌കാരവും മികച്ച ഷോർട്ട് ഡോക്യൂമെന്ററിക്കുള്ള പുരസ്കാരവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. യു എസ് പ്രാദേശിക സമയം രാത്രി 8 നായിരുന്നു പുരസ്‌കാര പ്രഖ്യാപന ചടങ്ങുകൾ.
ഗുനീത് മോംഗയുടെ ‘ദ എലിഫന്റ് വിസ്‌പറേഴ്‌സാണ്’ മികച്ച ഡോക്യുമെന്ററി ഷോർട്ട് വിഭാഗത്തിൽ ഓസ്‌കർ നേടിയത്. പിന്നാലെ എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ‘ആർ.ആർ.ആർ’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു…’ എന്ന ഗാനത്തേയും ഓസ്‌കാർ തേടിയെത്തി. എന്നാൽ, ഡോക്യുമെന്‍ററി വിഭാഗത്തിൽ ഇന്ത്യയുടെ ‘ഓൾ ദാറ്റ് ബ്രീത്ത്സിന്’ പുരസ്കാരം ലഭിച്ചില്ല.
‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്’
മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഷോർട്ട് ഫിലിം പറയുന്നത്. തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന്‍ ബെല്ല ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്ററി. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലയും. ഇവര്‍ വളര്‍ത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. 41 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം 2022 ഡിസംബർ 8 ന് നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ചിരുന്നു. കാര്‍ത്തിനി ഗോൺസാൽവസാണ് കോക്യൂമെന്ററി സംവിധാനം ചെയ്തത്.
നാട്ടു നാട്ടു…
രാജമൗലിയുടെ ആർ ആർ ആർ ചിത്രത്തിലെ നാട്ടു നാട്ടുവിന്റെ സംഗീത സംവിധാനം നിർവഹിച്ച കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും ചേർന്നാണ് പുരസ്‌കാരം ഏറ്റു വാങ്ങിയത്. മൂന്ന് മിനിറ്റും 36 സെക്കൻഡും ദൈർഘ്യമുള്ള ഗാനം രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവർ ചേർന്നാണ് ആലപിച്ചത്. നേട്ടം രാജ്യത്തിനു സമർപ്പിക്കുന്നതായി കീരവാണി പറഞ്ഞു.