Monday, November 25, 2024

ഇന്ത്യ-ശ്രീലങ്ക എകദിന പരമ്പര കാര്യവട്ടം സ്റ്റേഡിയത്തില്‍

ഇന്ത്യ-ശ്രീലങ്ക എകദിന പരമ്പരക്ക് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും. ഇത് സംബന്ധിച്ച പ്രഖ്യാപനം ബിസിസിഐ ആണ് നടത്തിയത്. 2023 ജനുവരിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരകളുടെ അവസാന മത്സരത്തിനാണ് കാര്യവട്ടം സ്റ്റേഡിയം വേദിയാകുന്നത്.

ജനുവരി മൂന്നിന് ടി20 പരമ്പരയോടെ ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. ജനുവരി മൂന്നിന് മുംബൈയിലാണ് ആദ്യ ടി20 മത്സരം. പൂനെയില്‍ നടക്കുന്ന രണ്ടാം ടി20 മത്സരം ജനുവരി അഞ്ചിനാണ്. ഏഴിന് രാജ്കോട്ടില്‍ വച്ച് മൂന്നാം ടി20 മത്സരവും നടക്കും.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് പത്തിന് ഗോഹട്ടിയാണ് വേദിയാവുക. 12 ന് കൊല്‍ക്കത്തയില്‍ രണ്ടാം ഏകദിനവും 15 ന് തിരുവനന്തപുരത്ത് മൂന്നാമത്തെയും അവസാനത്തേതുമായ ഏകദിനവും നടക്കും. ശ്രീലങ്കക്കെതിരായ പരമ്പരക്കുശേഷം ജനുവരി 18 മുതല്‍ ന്യൂസിലന്‍ഡിനെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങുന്ന പരമ്പര ഇന്ത്യ കളിക്കും. ഫെബ്രുവരി ഒമ്പത് മുതല്‍ തുടങ്ങുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാഗ്പൂര്‍, ഡല്‍ഹി, ധര്‍മശാല, അഹമ്മദാബാദ് എന്നിവിടങ്ങളാണ് വേദിയാവുക.

അതേസമയം ടി20 ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിക്ക് പിന്നാലെ രാഹുല്‍ ദ്രാവിഡിനെ ടി20 ടീമിന്‍റെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടി20 ടീമിനായി പുതിയൊരു പരിശീലകനെ നിയമിക്കുന്ന കാര്യം ബിസിസിഐയുടെ സജീവ പരിഗണനയിലാണെന്നും ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു.

Latest News