രാജ്യത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ സമ്പൂര്‍ണമായി നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ജൂലൈ 1 മുതല്‍ ആയിരിക്കും രാജ്യമാകെ പൂര്‍ണനിരോധനം നടപ്പിലാക്കുക. 2030-ഓടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിര്‍ത്തലാക്കുമെന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ 170 രാജ്യങ്ങള്‍ പ്രതിജ്ഞയെടുത്തിരുന്നു. കെനിയയിലെ നെയ്റോബിയില്‍ വെച്ചു നടന്ന യുഎന്‍ പരിസ്ഥിതി അസംബ്ലിയില്‍ നടന്ന ആ പ്രതിജ്ഞയില്‍ ഇന്ത്യയും പങ്കെടുത്തിരുന്നു.
പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും ബദല്‍ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട്, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് പൂര്‍ണമായോ ഭാഗികമായോ നിരോധനം കൊണ്ടുവരുന്നതില്‍ 80 ഓളം രാജ്യങ്ങള്‍ ഇതിനോടകം വിജയിച്ചിട്ടുണ്ട്. ഇതില്‍ 30 രാജ്യങ്ങള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ആണെന്നതാണ് ശ്രദ്ധേയം.
ഉഗാണ്ട, ദക്ഷിണാഫ്രിക്ക, മലാവി, എത്യോപ്യ, റുവാണ്ട തുടങ്ങിയ രാജ്യങ്ങള്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിച്ചതിന്റെ ഭാഗമായി കര്‍ശന നയങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. 2017-ല്‍ കെനിയ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഏറ്റവും കര്‍ക്കശമായ പ്ലാസ്റ്റിക് ബാഗ് നിരോധനമായാണ് കണക്കാക്കപ്പെടുന്നത്. പ്ലാസ്റ്റിക് സഞ്ചികള്‍ നിറഞ്ഞ് ഡ്രെയിനേജ് സംവിധാനങ്ങള്‍ ബ്ലോക്ക് ആയി ഉണ്ടാകുന്ന കടുത്ത വെള്ളപ്പൊക്കം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കെനിയന്‍ സര്‍ക്കാര്‍ നിരോധനത്തിലൂടെ ലക്ഷ്യമിട്ടത്.
2008ല്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ മറ്റൊരു ആഫ്രിക്കന്‍ രാജ്യമാണ് റുവാണ്ട. അതിര്‍ത്തിയില്‍ ലഗേജുകള്‍ക്ക് വരെ പരിശോധന ഏര്‍പ്പെടുത്തി കര്‍ശനമായ പ്ലാസ്റ്റിക് നിരോധന നയങ്ങള്‍ രാജ്യം സ്വീകരിച്ചു. ലംഘനം കണ്ടെത്തിയാല്‍ പിഴയോ ജയില്‍ ശിക്ഷയോ വരെ ലഭിക്കാവുന്ന നിയമമാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.
പ്ലാസ്റ്റിക് ബാഗുകള്‍ കൂടാതെ, മറ്റ് അപകടകരമായ പ്ലാസ്റ്റിക് മാലിന്യങ്ങളും നിരോധിക്കുന്ന ചില രാജ്യങ്ങളുണ്ട്. പ്ലാസ്റ്റിക് സ്‌ട്രോകളും ബാഗുകളും ബ്രിട്ടന്‍ നിരോധിച്ചിരുന്നു. സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും മറ്റുമുള്ള പ്ലാസ്റ്റിക് മൈക്രോബീഡുകള്‍ ഉപയോഗിക്കുന്നത് അമേരിക്കയും നിരോധിച്ചിരുന്നു.
കേരളത്തില്‍ 2020 ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നിരുന്നു. എന്നാല്‍ നിരോധനം നടപ്പിലായതോടെ പ്ലാസ്റ്റിക്കിന് പകരം എന്ന പേരില്‍ നിരവധി ഉല്‍പ്പന്നങ്ങളാണ് മാര്‍ക്കറ്റില്‍ എത്തുന്നത്. പരിസ്ഥിതി സൗഹൃദമാണെന്ന അവകാശവാദവുമായി പുതിയ ഉല്പന്നങ്ങളുമായി നിരവധിപേര്‍ സര്‍ക്കാരിനു മുന്നില്‍ എത്തി. എന്നാല്‍ ഇവയില്‍ അധികവും പ്ലാസ്റ്റിക്കിനെക്കാള്‍ മാരകമാണ് എന്ന് കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക്കിന് പകരം എന്ന പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഒഴിവാക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശവും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. പ്ലാസ്റ്റിക്കിന് പകരം തുണിയിലും കടലാസിലും തീര്‍ത്ത ബദല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം എന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.