നാവിക സേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും റഷ്യയില്‍ നിന്നും കൂടുതല്‍ മിസൈലുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. അമേരിക്കന്‍ ഹര്‍പൂണ്‍ (Harpoon) മിസൈലുകളും റഷ്യന്‍ ക്ലബ് (Klub) മിസൈലുകളുമാണ് വാങ്ങാനുദ്ദേശിക്കുന്നത്. 1400 കോടി രൂപയുടെ കരാര്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ആണെന്നും താമസംവിനാ കരാര്‍ നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
20 ഓളം ക്ലബ് മിസൈലുകളും ഹര്‍പൂണ്‍ മിസൈലുകളുമാണ് ഇന്ത്യയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. ബോയിങ് കമ്പനി നിര്‍മ്മിക്കുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയ ഹര്‍പൂണ്‍ മിസൈലുകള്‍ക്കൊപ്പം ഹര്‍പൂണ്‍ ജോയിന്റ് കോമണ്‍ ടെസ്റ്റ് കിറ്റ്, മെയിന്റനന്‍സ് സ്റ്റേഷന്‍, സ്പെയര്‍ പാര്‍ട്സ് തുടങ്ങി നിരവധി സൗകര്യങ്ങളും ലഭ്യമാകും. റഷ്യയില്‍ നിുള്ള ക്ലബ് മിസൈലുകള്‍ ഇന്ത്യന്‍ നാവികസേനയുടെ ഉപരിതല യുദ്ധക്കപ്പലുകളിലും അന്തര്‍വാഹിനികളിലും സജ്ജീകരിക്കും. ക്ലബ് മിസൈലുകള്‍ പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ഉപയോഗത്തിലുണ്ട്.