Monday, November 25, 2024

ഷാങ്ഹായ് സഹകരണ സംഘടനയുടെ പുതിയ അധ്യക്ഷരാഷ്ട്രമായി ഇന്ത്യയെ തെരഞ്ഞെടുത്തു

ഉസ്ബക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയില്‍ സംഘടനയുടെ പുതിയ അധ്യക്ഷരാഷ്ട്രമായി ഇന്ത്യയെ തെരഞ്ഞെടുത്തു. ഉച്ചകോടി അധ്യക്ഷനായ ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ് ഷവ്കാത് മിര്‍സിയോയേ ഔദ്യോഗികമായി അധ്യക്ഷപദവി കൈമാറി. 2023ലെ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.

ഇറാന് സ്ഥിരാംഗത്വം നല്‍കാനും ഉച്ചകോടിയില്‍ തീരുമാനമായി. ബലാറുസിന് അംഗത്വം നല്‍കാനുള്ള നടപടിക്രമങ്ങള്‍ക്കും ഉച്ചകോടിയില്‍ തുടക്കമിട്ടു. ബഹ്റൈന്‍, മലദ്വീപ്, യുഎഇ, കുവൈത്ത്, മ്യാന്മര്‍ എന്നിവയെ സംവാദ അംഗങ്ങളായും അംഗീകരിച്ചു.

കൂടുതല്‍ രാഷ്ട്രങ്ങളെ ഉള്‍ച്ചേര്‍ത്ത് സംഘടനയെ വികസിപ്പിക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നതായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു. ബാഹ്യ സമ്മര്‍ദങ്ങളും ഇടപെടലും ചെറുത്ത് തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരവും അതുള്‍പ്പെടുന്ന മേഖലയുടെ സുരക്ഷയും ഉറപ്പാക്കാന്‍ അംഗരാജ്യങ്ങള്‍ക്കാകണം.

ഭീകരവാദ പ്രതിരോധ പ്രവര്‍ത്തനത്തിന് വിവിധ സേനകളെ പരിശീലിപ്പിക്കാന്‍ ചൈനയില്‍ പ്രത്യേക കേന്ദ്രം തുടങ്ങും. അഞ്ചുവര്‍ഷത്തിനുള്ളില്‍ എസ്സിഒ അംഗങ്ങളുടെ 2000 സൈനികര്‍ക്ക് പരിശീലനം നല്‍കാന്‍ ചൈന ഒരുക്കമാണെന്നും ഷി പറഞ്ഞു.

Latest News