തെരുവുകുട്ടികള്‍ക്കായുള്ള ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം പതിപ്പിനു വേദിയായി ഇന്ത്യ. 2023ലെ പുരുഷ ഏകദിന ലോകകപ്പിന് ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് ലോകകപ്പ് നടക്കുക. 16 രാജ്യങ്ങളില്‍ നിന്നുള്ള 22 ടീമുകള്‍ ലോകകപ്പില്‍ പങ്കെടുക്കും. ആണ്‍, പെണ്‍കുട്ടികള്‍ അടങ്ങുന്നതാവും ടീമുകള്‍. സേവ് ദി ചില്‍ഡ്രന്‍, ഇന്ത്യ (ബാല രക്ഷാ ഭാരത്) സംഘടിപ്പിക്കുന്ന പരിപാടി സ്ട്രീറ്റ് ചൈല്‍ഡ് യുണൈറ്റഡ് ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പാണ്.
2019ല്‍ ഇംഗ്ലണ്ടില്‍ വച്ചാണ് ലോകകപ്പിന്റെ ആദ്യ പതിപ്പ് നടന്നത്. 8 ടീമുകള്‍ പങ്കെടുത്ത ലോകകപ്പില്‍ ഇന്ത്യ ആയിരുന്നു ജേതാക്കള്‍. ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഇന്ത്യ കിരീടം ചൂടിയത്.
10 ദിവസമാണ് ലോകകപ്പ് നടക്കുക. ഇന്ത്യ ഉള്‍പ്പെടെ ബംഗ്ലാദേശ്, ബൊളീവിയ, ബ്രസീല്‍, ഇംഗ്ലണ്ട്, ഹങ്കറി, മൗറീഷ്യസ്, മെക്‌സിക്കോ, നേപ്പാള്‍, റുവാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ ലോകകപ്പില്‍ മത്സരിക്കും.
”ആഗോളതലത്തില്‍ ഐഡന്റിറ്റി ലഭിക്കുന്ന ഒരു ദശലക്ഷം യുവജനങ്ങള്‍ക്ക് SCCWC ഒരു ഉത്തേജകമായിരിക്കും’. സ്ട്രീറ്റ് ചൈല്‍ഡ് ക്രിക്കറ്റ് ലോകകപ്പിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് സ്ട്രീറ്റ് ചൈല്‍ഡ് യുണൈറ്റഡിന്റെ സ്ഥാപകനും സിഇഒയുമായ ജോണ്‍ റോ പറഞ്ഞു. ‘തെരുവ് കുട്ടികള്‍ക്ക് അവര്‍ അഭിമുഖീകരിക്കുന്ന നിഷേധാത്മക ധാരണകളെ വെല്ലുവിളിക്കാന്‍ ക്രിക്കറ്റ് എങ്ങനെ സഹായിക്കുന്നുവെന്ന് ലോകത്തെ കാണിക്കാന്‍ കഴിയുന്ന ഒരു അതുല്യ സംഭവമാണിത്. എല്ലായിടത്തും തെരുവ് കുട്ടികള്‍ മികച്ച രീതിയില്‍ സംരക്ഷിക്കപ്പെടുന്നുവെന്നും അടിസ്ഥാന സേവനങ്ങളിലേക്കുള്ള പ്രവേശനം അനുവദിക്കണമെന്നും സര്‍ക്കാരുകള്‍ക്കുള്ള സാര്‍വത്രിക ആഹ്വാനമാണിത്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഓരോ കുട്ടിയും ഒരു ഐഡന്റിറ്റി അര്‍ഹിക്കുന്നു. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’. സേവ് ദി ചില്‍ഡ്രന്‍, ഇന്ത്യ സിഇഒ സുദര്‍ശന്‍ സുചി അഭിപ്രായപ്പെട്ടു. സ്ട്രീറ്റ് ചൈല്‍ഡ് യുണൈറ്റഡും സേവ് ദി ചില്‍ഡ്രനും തമ്മിലുള്ള പങ്കാളിത്തത്തിന് പുറമേ, ലോകബാങ്ക്, ഐസിസി, ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ എന്നിവയുള്‍പ്പെടെ മറ്റ് നിരവധി സഹായ സംഘടനകളുമായും വ്യക്തികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് SCCWC 2023.