Sunday, November 24, 2024

ഇന്ത്യ – അമേരിക്ക 2+2 മന്ത്രിതല ചർച്ച: നാളെ ന്യൂഡല്‍ഹിയില്‍

ഇന്ത്യ – അമേരിക്ക 2+2 മന്ത്രിതല ചർച്ചകള്‍ നവംബർ 10 -ന് ന്യൂഡല്‍ഹിയില്‍ നടക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കൂടാതെ, യു.എസ് സർക്കാരിൽ സമാനസ്ഥാനങ്ങൾ വഹിക്കുന്ന പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിൻ, സ്‌റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കൻ എന്നിവർ തമ്മിലാണ് കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെക്കുറിച്ചും സുരക്ഷാസഹകരണം ആഴത്തിലാക്കുന്നതിനുള്ള നീക്കങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.

വെള്ളിയാഴ്‌ച ആരംഭിക്കുന്ന പ്രതിരോധ മന്ത്രിതല ചർച്ചക്കായി ലോയ്‌ഡ് ഓസ്‌റ്റിൻ ഇന്നെത്തുമെന്നാണ് വിവരം. നവംബർ 10 -ന് രാവിലെ ടോണി ബ്ലിങ്കനും തലസ്ഥാനത്തെത്തുന്നതോടെ 2+2 മന്ത്രിതല ചർച്ചകള്‍ ആരംഭിക്കും. ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെക്കുറിച്ച് സമഗ്രമായ അവലോകനം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ .

അതേസമയം, ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ – യുഎസ് 2+2 മന്ത്രിതലസംഭാഷണം ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാസഹകരണം ആഴത്തിലാക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞദിവസം അറിയിച്ചു. “നമുക്ക് വലിയ പങ്കാളിത്തമുള്ള രാജ്യമാണ് ഇന്ത്യ. അദ്ദേഹം (ബ്ലിങ്കൻ) പ്രതിരോധ സെക്രട്ടറി ഓസ്‌റ്റിനൊപ്പം 2+2 സുരക്ഷാചർച്ചയിൽ പങ്കെടുക്കും. ​​അതിനാൽ ‘സുരക്ഷാസഹകരണവും പങ്കാളിത്തവും’ ചർച്ചചെയ്യപ്പെടുന്ന നിരവധി വിഷയങ്ങളിൽ ഒന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” – യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉപവക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.

Latest News