ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യയെ മാറ്റുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ഐടിപിഒ പ്രദർശന, കൺവൻഷൻ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്ത് ദാരിദ്ര്യരേഖയില്‍ വലിയ കുറവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“നീതി ആയോഗിന്റെ കണക്കുപ്രകാരം, കഴിഞ്ഞ അഞ്ചുവർഷത്തിനുളളിൽ രാജ്യത്തെ 13.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായിട്ടുണ്ട്. 2024-ലെ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാക്കും” – പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ അതിദാരിദ്ര്യം അതിന്റെ അവസാനഘട്ടത്തിലാണെന്നാണ് അന്താരാഷ്ട്ര ഏജൻസികൾ പറയുന്നതെന്നും കഴിഞ്ഞ ഒൻപതു വർഷമായി തന്റെ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും നയങ്ങളും രാജ്യത്തെ ശരിയായ ദിശയിലാണ് നയിച്ചതെന്നുംവേണം ഇതിൽ നിന്ന് മനസ്സിലാക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ചടങ്ങില്‍, രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടികളെ പരോക്ഷമായും പ്രധാനമന്ത്രി വിമര്‍ശിച്ചു. നല്ല പദ്ധതികളെ വിമർശിക്കുകയും അതിന് തടസ്സമുണ്ടാക്കുകയുമാണ് ചിലരുടെ രീതിയെന്നായിരുന്നു വിമര്‍ശനം. കർത്തവ്യപഥ് നിർമ്മിച്ചപ്പോൾ ഒരുപാട് വാർത്തകൾ മാധ്യമങ്ങളുടെ ഒന്നാം പേജിൽ ഇടംപിടിച്ചു. വിഷയം കോടതിയിൽ വരെയെത്തി. പക്ഷേ, അത് പൂർത്തീകരിച്ചപ്പോൾ വിമർശിച്ചവർക്കു തന്നെ അത് നല്ലതാണെന്ന് പറയേണ്ടിവന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.