ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് ഐക്യരാഷ്ട്രസഭ. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) പുറത്തു വിട്ട ഡാറ്റ ഉദ്ധരിച്ചു കൊണ്ടാണ് ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം. 2023 പകുതിയോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടി ആകുമെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്.
2022ല്‍ ഇന്ത്യയിലെ ജനസംഖ്യ 140.66 കോടി ആയിരുന്നെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇന്ത്യയില്‍ 1.56 ശതമാനം വളര്‍ച്ചയാണ് ജനസംഖ്യയില്‍ ഉണ്ടായിരിക്കുന്നത്. ഈ നിലയില്‍ പോയാല്‍ ജനസംഖ്യാ വളർച്ചയിൽ ഈ മാസം തന്നെ ചൈനയെ ഇന്ത്യ പിന്നിലാക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്. 2023 ഫെബ്രുവരി വരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡാറ്റ തയ്യാറാക്കിയിരിക്കുന്നത്.
8.045 ബില്യൺ വരുന്ന ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന് ഇന്ത്യയിലും ചൈനയിലുമാണ്. എന്നാൽ നിലവിൽ ജനസംഖ്യാ വളർച്ച മന്ദഗതിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് ഉള്ളത് അമേരിക്കയാണ്. അതേസമയം, കോവിഡിനെ തുടര്‍ന്നു കഴിഞ്ഞ വർഷം, ചൈനയുടെ ജനസംഖ്യ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി കുറഞ്ഞിരുന്നു.