ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20 -യിലും ഒന്നാം സ്ഥാനമെന്ന അപൂർവനേട്ടം സ്വന്തമാക്കി ഇന്ത്യ. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിലെ വിജയത്തോടെയാണ് ഇന്ത്യ ഐ.സി.സി റാങ്കിങ്ങിൽ ചരിത്രം കുറിച്ചത്. 2012 -ൽ ദക്ഷിണാഫ്രിക്ക മാത്രമാണ് ഈ അപൂര്‍വനേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
ഏകദിന റാങ്കിങ്ങിൽ നിലവില്‍ ഇന്ത്യയ്ക്ക് 116 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനക്കാരായ പാക്കിസ്ഥാന് 115 പോയിന്റും. ലോകകപ്പിനു മുന്നോടിയായി ഓസ്ട്രേലിയയ്ക്കെതിരെ വെള്ളിയാഴ്ച നടന്ന ആദ്യ ഏകദിനത്തില്‍ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചതോടെയാണ് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര ജയിച്ചാൽ ഒന്നാം റാങ്കോടെ ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പിലേക്ക് നീങ്ങാൻ കഴിയും.
ജൂണിൽ രണ്ടാം തവണയും ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിച്ചിരുന്നു. ഫൈനലിൽ തോറ്റെങ്കിലും ടെസ്റ്റ് പരമ്പരയിലെ തുടർവിജയങ്ങൾ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കുകയായിരുന്നു. ട്വന്റി 20 -യിലും ഇന്ത്യയുടെ പ്രകടനം മികച്ചതാണ്. 2022 ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ എത്തിയിരുന്നു.