കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള അന്താരാഷ്ട്ര ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. റഷ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആയുധം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. സ്വീഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ഐപിആര്‍ഐ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇന്ത്യ മുന്നിലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
2018-22 കാലഘട്ടങ്ങളില്‍ റഷ്യന്‍ ആയുധ കയറ്റുമതിയുടെ ഏറ്റവും വലിയ വിപണി ഇന്ത്യയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ റഷ്യ കയറ്റുമതി ചെയ്ത മൊത്തം ആയുധങ്ങളുടെ 31 ശതമാനവും ഇന്ത്യയിലേക്കായിരുന്നു. എന്നാല്‍ 2013-17 കാലത്തെ അപേക്ഷിച്ച് റഷ്യയില്‍ നിന്നും ഇന്ത്യന്‍ വിപണിയിലേക്ക് ഇറക്കുമതി ചെയ്ത ആയുധങ്ങളില്‍ 37 ശതമാനം കുറവ് സംഭവിച്ചിരുന്നു. ഇന്ത്യ കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഫ്രാന്‍സാണ്. അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്.
1993 മുതല്‍ ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യയാണ് മുന്നില്‍. പാകിസ്താനും ചൈനയുമായുള്ള ഇന്ത്യയുടെ സംഘര്‍ഷാവസ്ഥയാണ് രാജ്യത്തേക്ക് കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാനുണ്ടായ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.