ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) ‘പ്രചണ്ഡി’നെ ഇന്ത്യൻ സേനയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ, ഹെലികോപ്റ്ററുകൾ പറത്താൻ വനിതാ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്താൻ ലക്ഷ്യമിട്ട് ഇന്ത്യൻ വ്യോമസേന. ഈ മാസം മൂന്നിനാണ് എൽ.സി.എച്ച് ഇന്ത്യൻ സേനയുടെ ഭാഗമായത്. അഡ്വാൻസ്ഡ് ഹെവി ലിഫ്റ്റർ (എഎൽഎച്ച്) ഹെലികോപ്റ്ററുകൾ പറത്തുന്ന വനിതാ ഉദ്യോഗസ്ഥരെ കണ്ടെത്തി ദൗത്യത്തിൽ ഉൾപ്പെടുത്താനാണ് പദ്ധതിയിടുന്നത്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച ഈ ഹെലികോപ്റ്ററുകൾക്ക് ആയുധങ്ങളും ഇന്ധനവുമായി 5,000 മീറ്റർ (16400 അടി) ഉയരത്തിൽ ഇറങ്ങാനും പറന്നുയരാനും കഴിയും. ഇവയുടെ വേഗത, ചടുലത എന്നിവ മറ്റ് യുദ്ധ ഹെലികോപ്റ്ററുകളെ അപേക്ഷിച്ച് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളെ വ്യത്യസ്തമാക്കുന്നു. രാവും പകലും ശത്രുക്കളുടെ നീക്കങ്ങളെ നീരീക്ഷിക്കുന്നതിനും കൃത്യമായി ആക്രമിച്ച് അവയെ തകർക്കുവാനും ഈ ഹെലികോപ്റ്ററുകൾക്ക് സാധിക്കും. അസമിലെ മിസാമാരി എയർബേസിലാണ് പ്രചണ്ഡയെ ഇപ്പോൾ സേന വിന്യസിപ്പിച്ചിരിക്കുന്നത്.