ഇന്ത്യന്‍ സൈന്യത്തിന് നന്ദി അറിയിച്ച് തുര്‍ക്കിയിലെ ദുരിത ബാധിതര്‍. ഭൂചലനം നടന്നത് മുതല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സേവനങ്ങള്‍ സജീവമായി തുടരുകയാണെന്ന് തുര്‍ക്കി അധികൃതര്‍ അറിയിച്ചു. ദുരന്തം നടന്ന് ആറ് മണിക്കൂറിനുള്ളില്‍ താത്കാലികമായി സജ്ജീകരിച്ച ആശുപത്രികളില്‍ പരിക്കേറ്റവര്‍ക്കുള്ള ചികിത്സ ഇന്ത്യന്‍ സൈന്യം നല്‍കിയിരുന്നു.
ഇന്ത്യയുടെ സമയോചിതമായ ഇടപെടലും ചേര്‍ത്തു പിടിക്കലും പ്രശംസിക്കപ്പെടുകയാണ്. തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനം നടത്തിയ ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥയെ സ്നോഹാലിംഗനം നടത്തുന്ന വനതിയുടെ ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുര്‍ക്കിയില്‍ നിരവധി ജനങ്ങളാണ് ഇന്ത്യക്കാര്‍ക്ക് നന്ദി അറിയിച്ച് എത്തുന്നത്.
ദുരന്ത ഭൂമിക്ക് ‘ഓപ്പറേഷന്‍ ദോസ്ത് ‘ എന്ന പേരില്‍ രക്ഷാപ്രവര്‍ത്തനത്തിനും പരിചരണത്തിനും സാമഗ്രികള്‍ ഇന്ത്യ നല്‍കിയിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ 96 ഉദ്യോഗസ്ഥരാണ് ദുരന്ത പ്രദേശത്തേക്ക് എത്തിയിരുന്നത്. ദുരിത ബാധിതര്‍ക്ക് ആവശ്യമായ മരുന്നുകള്‍, വെന്റിലേറ്റര്‍ മെഷീനുകള്‍ ,അനസ്തേഷ്യ മെഷീനുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഇന്ത്യന്‍ സൈന്യം ദുരന്ത പ്രദേശത്ത് 60 പാരാഫീല്‍ഡ് ആശുപത്രികള്‍ സജ്ജമാക്കിയിരുന്നു.
ലോകത്തെ ഞെട്ടിച്ച ഭൂചലനം കഴിഞ്ഞ തിങ്കളാഴ്ചയാണ് തുര്‍ക്കിയില്‍ സംഭവിച്ചത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. മണിക്കൂറുകള്‍ക്കകം തുടര്‍ ഭൂചലനങ്ങള്‍ അനുഭവപ്പെടുകയായിരുന്നു.