ഇന്ത്യന്‍ ബാങ്കുകളിലെ കിട്ടാകടങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇന്ത്യയിലെ ബാങ്കുകള്‍ ശക്തമായി തന്നെ നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഗോള സാമ്പത്തിക പ്രതിരോധത്തെ കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ബാങ്കുകളുടെ മൊത്ത ആസ്തി അനുപാതം 4.41 ശതമാനമായി കുറഞ്ഞു. 2015 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ബാങ്കുകളുടെ മൂലധന പര്യാപ്തത അനുപാതം ഡിസംബര്‍ അവസാനത്തില്‍ 16.1 ശതമാനമായിരുന്നു. ഇത് സാധാരണ ആവശ്യകതയേക്കാള്‍ വളരെ കൂടുതലാണ്.
ക്രെഡിറ്റ് റിസ്കിനായുള്ള മാക്രോ സ്ട്രെസ് ടെസ്റ്റ് സൂചിപ്പിക്കുന്നതനുസരിച്ച് കടുത്ത സമ്മര്‍ദ്ദത്തിലും ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ഏറ്റവും കുറഞ്ഞ മൂലധനം കൊണ്ട് ആവശ്യകത നിറവേറ്റാന്‍ കഴിയുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. യുഎസിലെയും യൂറോപ്പിലെയും സമീപകാല ബാങ്കിംഗ് പ്രതിസന്ധികള്‍ സൂചിപ്പിക്കുന്നതനുസരിച്ച് താരതമ്യേന സ്ഥിരതയുള്ളതായി കണക്കാക്കുമ്പോഴും ബാങ്കുകളില്‍ അപകടസാധ്യതകള്‍ ഉയര്‍ന്നുവന്നേക്കാമെന്നാണ് സെന്‍ട്രല്‍ ബാങ്ക് മേധാവി പറയുന്നത്.
ഓരോ ബാങ്കിന്റെയും മാനേജ്മെന്റും ഡയറക്ടര്‍ ബോര്‍ഡും സാമ്പത്തിക അപകടസാധ്യത തുടര്‍ച്ചയായി വിലയിരുത്തുമെന്നും മിനിമം റെഗുലേറ്ററി ആവശ്യകതയ്ക്കപ്പുറം മതിയായ മൂലധന ബഫറുകളും സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു.