Tuesday, November 26, 2024

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് ട്രഷറര്‍ ആയി ഇന്ത്യന്‍ വംശജന്‍

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ ട്രഷറര്‍ ആയി ഇന്ത്യന്‍ വംശജന്‍ ഡാനിയേല്‍ മുഖി ചുമതലയേറ്റു. സംസ്ഥാന ട്രഷറര്‍ പദവിയില്‍ ഒരു ഇന്ത്യന്‍ വംശജനെത്തുന്നത് ഇത് ആദ്യമാണ്. ന്യൂ സൗത്ത് വെയിൽസ് (എൻ‌.എസ്‌.ഡബ്ല്യു) പ്രീമിയർ ക്രിസ് മിൻസ്, മറ്റ് ആറ് മന്ത്രിമാർക്കൊപ്പമാണ് ഡാനിയൽ മുഖി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.

ഹൈന്ദവ മതഗ്രന്ഥമായ ഭഗവദ്ഗീതയിൽ തൊട്ടാണ് അദ്ദേഹം സത്യവാചകം ഏറ്റുചൊല്ലിയത്. “എൻ‌.എസ്‌.ഡബ്ല്യു എന്ന മഹത്തായ സംസ്ഥാനത്തിന്റെ ട്രഷററായി ഞാന്‍ സത്യപ്രതിജ്ഞ ചെയ്തു. ഈ ബഹുമതിയും പദവിയും ഏൽപിച്ച ന്യൂ സൗത്ത് വെയില്‍സിലെ ജനങ്ങൾക്ക് നന്ദി” – മുഖി പ്രസ്താവനയിൽ പറഞ്ഞു.

ന്യൂ സൗത്ത് വെയിൽസിലെ അപ്പര്‍ മണ്ഡലത്തില്‍ നിന്നും 2015-ൽ സ്റ്റീവ് വാനിനു പകരമായാണ് ഡാനിയൽ മുഖി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് യൂണിവേഴ്‌സിറ്റി ബിരുദങ്ങൾ നേടിയ അദ്ദേഹം മുമ്പ് കൺസൾട്ടന്റായും പ്രവർത്തിച്ചിരുന്നു.

1973-ൽ പഞ്ചാബിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവരാണ് ഡാനിയൽ മുഖിയുടെ മാതാപിതാക്കൾ. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കിടയില്‍ മാതാപിതാക്കളെ ഓര്‍ത്തിരുന്നതായി അദ്ദേഹം പിന്നീട് പറഞ്ഞു.

Latest News