Sunday, November 24, 2024

കിളിമഞ്ചാരോ പർവതം കീഴടക്കിയ അഞ്ചുവയസുകാരൻ

കെനിയ അതിർത്തിക്കടുത്തുള്ള വടക്കുകിഴക്കൻ ടാൻസാനിയയിൽ സ്ഥിതി ചെയ്യുന്ന ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ് കിളിമഞ്ചാരോ. ഈ പർവതം കീഴടക്കിയിരിക്കുകയാണ് അഞ്ചു വയസുകാരനായ തെഗ്ബിർ സിംഗ്. ഇതോടെ 5895 മീറ്റർ ഉയരമുള്ള മൌണ്ട് കിളിമഞ്ചാരോ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യക്കാർ എന്ന നേട്ടവും തെഗ്ബിർ സിംഗിനെ തേടിയെത്തി.

പഞ്ചാബ് സ്വദേശിയായ തെഗ്ബിർ ഓഗസ്റ്റ് 18ന് ആയിരുന്നു മൗണ്ട് കിളിമഞ്ചാരോ കയറാൻ ആരംഭിച്ചത്. ഓഗസ്റ്റ് 23ന് പർവതത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗമായ ഉഹുരുവിൽ എത്തി. ഇത്രയും ഉയരം കൂടിയ പർവതം കീഴടക്കുമ്പോൾ തടസങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. ആൾട്ടിട്യൂട് സിക്ക്നെസിനെ നേരിടാൻ തയ്യാറെടുപ്പുകളും പരിശീലനവും ആവശ്യമാണ്. ഈ പ്രതിസന്ധികൾ എല്ലാം മറികടന്നാണ് അഞ്ചുവയസുകാരൻ കിളിമഞ്ചാരോ പർവതം കീഴടക്കിയത്.

തെഗ്ബിർ പർവതം കയറുവാൻ ആരംഭിച്ചപ്പോൾ മുതൽ മൈനസ് പത്ത് ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. തെഗ്ബിറിനു ഒപ്പം പിതാവും മലകയറിയിരുന്നു. തന്റെ വിജയത്തിന് കാരണം പരിശീലകനും വിരമിച്ച ഹാൻഡ് ബോൾ പരിശീലകനുമായ ബിക്രംജിത്ത് സിംഗ് ജുമാനും തന്റെ കുടുംബവും ആണെന്ന് ഈ മിടുക്കൻ വെളിപ്പെടുത്തുന്നു.

പർവതാരോഹണത്തിന് ശേഷം കിളിമഞ്ചാരോ ഉൾപ്പെടുന്ന ടാൻസാനിയ നാഷണൽ പാർക് കൺസർവേഷൻ കമ്മീഷണർ നൽകുന്ന സർട്ടിഫിക്കറ്റും തെഗ്ബിർ സിംഗ് സ്വന്തമാക്കി.

Latest News