ഖാലിസ്ഥാൻ ഭീകരർ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച സംഭവത്തിൽ കേസന്വേഷണത്തിനായി എൻഐഎ സംഘം സാൻഫ്രാൻസിസ്‌കോയിലേക്ക്. ജൂലൈ 17-നു ശേഷം അഞ്ചു ദിവസത്തേക്കാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ സന്ദര്‍ശനം. ഇതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി
ജൂലൈ 2-നാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖാലിസ്ഥാന്‍ അനുകൂലികള്‍ തീയിടുന്നത്. പിന്നാലെ ഇതിന്റെ ദൃശ്യങ്ങള്‍ അവര്‍ തന്നെ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എന്‍ഐഎ സംഘം എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. സാന്‍ഫ്രാന്‍സിസ്കോക്കു പുറമെ, കാനഡയിലെ ഇന്ത്യന്‍ എംബസിക്കു നേരെയുണ്ടായ ആക്രമണവും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. രണ്ടു കേസുകളിലെയും അന്വേഷണം ആഭ്യന്തര മന്ത്രാലയം എന്‍ഐഎയ്ക്ക് കൈമാറി.
അതേസമയം, മാസങ്ങള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ഖാലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണമുണ്ടായത്. മാര്‍ച്ച് 19-ന് ഒരുകൂട്ടം ഖാലിസ്ഥാന്‍ അനുകൂല പ്രതിഷേധക്കാര്‍ കോണ്‍സുലേറ്റ് ആക്രമിക്കുകയും കേടുവരുത്തുകയും ചെയ്തിരുന്നു.