Tuesday, November 26, 2024

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുരളി വിജയ് വിരമിച്ചു: പ്രഖ്യാപനം ട്വിറ്ററിലൂടെ

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം ട്വിറ്ററില്‍ കൂടിയാണ് അദ്ദേഹം പങ്കുവച്ചത്. തന്റെ 38 -ാമത്തെ വയസിലാണ് മുരളിയുടെ വിരമിക്കല്‍ പ്രഖ്യാപനം.

“ബിസിസിഐയും തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനും ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമും എനിക്ക് നൽകിയ അവസരങ്ങൾക്ക് ഞാൻ നന്ദിയുള്ളവനാണ്. എന്റെ എല്ലാ ടീമംഗങ്ങൾക്കും പരിശീലകർക്കും ഉപദേഷ്‌ടാക്കൾക്കും സപ്പോർട്ട് സ്‌റ്റാഫിനും എല്ലാവരോടും ഞാൻ നന്ദി അറിയിക്കുന്നു. നിങ്ങളോടൊപ്പം കളിക്കാൻ കഴിഞ്ഞത് വലിയ അംഗീകാരമാണ്. കൂടാതെ, എന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ സഹായിച്ചതിന് എല്ലാവർക്കും ഞാൻ നന്ദി പറയുന്നു” – വിജയ് കുറിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള താരമായ മുരളി വിജയ് ഒരുകാലത്ത് ഇന്ത്യയുടെ സ്ഥിരം ടെസ്റ്റ് ഓപ്പണര്‍മാരില്‍ ഒരാളായിരുന്നു.

2002 മുതല്‍ ഇന്ത്യന്‍ ടീമിനായി റണ്‍സ് വാരിക്കൂട്ടി തിളങ്ങിയിരുന്ന താരം, 2018 സീസണിലെ മോശം പ്രകടനത്തിനു ശേഷം ടീമില്‍ തിരികെ എത്തിയിരുന്നില്ല. ഓപ്പണിംഗ് സ്ലോട്ടിലെ ഏറ്റവും സ്റ്റൈലിഷ് ബാറ്റർമാരിൽ ഒരാളായിരുന്നു വിജയ്. 61 ടെസ്‌റ്റുകളിൽ നിന്ന് 12 സെഞ്ച്വറികളും, 15 അർദ്ധ സെഞ്ച്വറികളും, ടെസ്‌റ്റിൽ 38.28 ശരാശരിയിൽ ആകെ 3982 റൺസാണ് അദ്ദേഹത്തിന്റെ കരിയറില്‍ സ്വന്തമായുള്ളത്. ഐപിഎല്ലിൽ, ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി രണ്ട് സെഞ്ച്വറികളുൾപ്പെടെ 106 മത്സരങ്ങളിൽ നിന്ന് 121.87 സ്ട്രൈക്ക് റേറ്റിൽ 2619 റൺസും നേടി തിളങ്ങിയിരുന്നു.

Latest News