ഇന്ത്യയുടെ പാചകരംഗത്തെ ഇതിഹാസങ്ങളിലൊരാളായ ഇംതിയാസ് ഖുറേഷി (93) അന്തരിച്ചു. രാജ്യത്ത് പാചക കലയ്ക്ക് ആദ്യമായി പത്മ പുരസ്‌കാരം ലഭിക്കുന്നത് ഖുറേഷിയുടെ കൈപുണ്യത്തിനാണ്. 2016ലായിരുന്നു പത്മശ്രീ നല്‍കി രാജ്യം ആദരിച്ചത്.
നവാബുമാരുടെ ഹൃദയം കവര്‍ന്ന ലക്‌നൗ- അവധ് പാചക പരമ്പരയിലെ വിദഗ്ധനായിരുന്നു ഇംതിയാസ് ഖുറേഷി. ദം ബിരിയാണിയിലെ മികവിനും ബുഖാര വിഭവങ്ങള്‍ക്കും പ്രശസ്തനായിരുന്നു. സെലിബ്രിറ്റി ഷെഫായ കുനാല്‍ കപൂറാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
രാഷ്ട്രപതിമാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും വിദേശരാഷ്ട്രത്തലവന്മാര്‍ക്കും അദ്ദേഹം വിരുന്നൊരുക്കിയിട്ടുണ്ട്. ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിനെ വെജിറ്റേറിയന്‍ വിഭവങ്ങള്‍കൊണ്ട് നോണ്‍ വെജിറ്റേറിയന്‍ വിരുന്നു നല്‍കി അമ്പരപ്പിച്ചിട്ടുണ്ട്.
ഐടിസി ഹോട്ടല്‍ ശൃംഖലയുടെ മാസ്റ്റര്‍ ഷെഫും മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ നാവു കീഴടക്കിയ ഇഷ്ട വിഭവമായ വെളുത്തുള്ളി പായസത്തിന്റെ സ്രഷ്ടാവുമാണ്. 1931ല്‍ ലക്‌നൗവിലെ പാചകവിദഗ്ധരുടെ കുടുംബത്തിലായിരുന്നു ജനനം. സിനിമാ സാമൂഹിക രംഗത്തെ നിരവധിപ്പേരാണ് ഇംതിയാസ് ഖുറേഷിക്ക് സമൂഹമാധ്യമങ്ങളില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നത്.