ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിച്ചുയരുകയാണെന്നും വരും വര്‍ഷങ്ങളില്‍ 6.8 ശതമാനത്തില്‍ നിന്ന് അത് വളര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അതായത് 2031 ഓട് കൂടി ഇന്ത്യ ഒരു ഇടത്തരം വരുമാനമുള്ള സമ്പദ് വ്യവസ്ഥയായി മാറുമെന്നും പ്രശസ്ത സാമ്പത്തിക ഏജന്‍സി ക്രിസില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കി.
2031 സാമ്പത്തിക വര്‍ഷത്തോടെ, ക്രിസില്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 4,500 ഡോളറിലെത്തും. ആയിരം മുതല്‍ 4000 ഡോളര്‍ വരെ പ്രതിശീര്‍ഷ വരുമാനം ഉള്ള രാജ്യങ്ങളെയാണ് താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ എന്ന് വിളിക്കുന്നത്.
നിലവില്‍ ഇന്ത്യ ആ നിര്‍വചനത്തിന്റെ ഉള്ളിലാണുള്ളത്. ലോകബാങ്ക് നിര്‍വചനം പ്രകാരം 4,000-12,000 ഡോളര്‍ വരെ പ്രതിശീര്‍ഷ വരുമാനം ഉള്ള രാജ്യങ്ങളെയാണ് ഉയര്‍ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ എന്ന് വിളിക്കുന്നത്. 4500 ഡോളര്‍ പ്രതിശീര്‍ഷ വരുമാനം 2031 ല്‍ കൈവരിക്കുന്നതോടെ ഇന്ത്യ ഈ മാനദണ്ഡ പ്രകാരം ഉയര്‍ന്ന ഇടത്തരം വരുമാനം ഉള്ള രാജ്യങ്ങളുടെ പരിധിയില്‍ കടക്കും.
ആഭ്യന്തര പരിഷ്‌കാരങ്ങളുടെയും മറ്റ് ബാഹ്യ ഘടകങ്ങളുടെയും കാഴ്ചപ്പാടിലാണ് ഈ പ്രവചനം ഇപ്പോള്‍ ക്രിസില്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഈ പ്രവചനങ്ങളെ പോലും മറികടന്നു കൊണ്ടുള്ള കുതിപ്പ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നടത്താനുള്ള സാധ്യതകളെയും ക്രിസില്‍ എടുത്തു കാട്ടുന്നുണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ എന്ന കുതിപ്പിലേക്കുള്ള യാത്രയില്‍ അതിനുള്ള സാധ്യതയാണ് അവര്‍ കാണുന്നത്.
2025 മുതല്‍ 2031 വരെയുള്ള അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 5 ട്രില്യണ്‍ ഡോളര്‍ കവിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്, എന്നാല്‍ ഇത് 7 ട്രില്യണ്‍ ഡോളറിലേക്ക് അടുക്കാനും സാധ്യതയുണ്ട് . അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാന്‍ ഇന്ത്യ ലക്ഷ്യമിടുന്നതിനാല്‍ നിലവില്‍ പ്രവചിക്കപ്പെടുന്ന അതിന്റെ വളര്‍ച്ചാ സാധ്യതകളെ മറികടക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും റേറ്റിംഗ് ഏജന്‍സി വ്യക്തമാക്കി.