അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി. കുവൈറ്റുമായി നടക്കുന്ന ലോക കപ്പ് യോഗ്യതാ മത്സരത്തിനുശേഷം അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കുമെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ കൂടിയായ സുനില്‍ ഛേത്രി സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചു. ജൂണ്‍ ആറിന് കൊല്‍ക്കത്തയിലാണ് അവസാന മത്സരം.
ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരമാണ് സുനില്‍ ഛേത്രി. 150 അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് 94 ഗോളാണ് താരം സ്വന്തമാക്കിയത്. നിലവിലെ കളിക്കാരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയവരില്‍ മൂന്നാം സ്ഥാനത്താണ് ഛേത്രി. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനന്‍ താരം ലയണല്‍ മെസിയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 2005 ജൂണ്‍ 12ന് പാകിസ്താനെതിരെയായിരുന്നു ഛേത്രിയുടെ ആദ്യ രാജ്യാന്തര മത്സരം. ഈ കളിയില്‍ തന്റെ ആദ്യ ഗോളും നേടി. 39-ാം വയസിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
’19 വര്‍ഷത്തെ ഓര്‍മകള്‍ ജോലിയും സമ്മര്‍ദവും സന്തോഷവും നിറഞ്ഞതാണ്. രാജ്യത്തിനുവേണ്ടി കളിക്കുന്ന മത്സരങ്ങള്‍ ഇതൊക്കെയായിരിക്കുമെന്ന് ഞാന്‍ കരുതിയില്ല. കുവൈറ്റിനെതിരായ കളിയായിരിക്കും എന്റെ അവസാന കളിയെന്ന് ഞാന്‍ തീരുമാനിക്കുന്നു,” അദ്ദേഹം പറഞ്ഞു. തന്റെ മത്സരങ്ങളെയും പരിശീലകരെയും ടീമിനെയും ടീമംഗങ്ങളെയുമെല്ലാം ഈ നിമിഷം ഓര്‍മ വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2011ല്‍ അര്‍ജുന പുരസ്‌കാരവും 2019ല്‍ പത്മശ്രീയും നേടിയ സുനില്‍ ഛേത്രി ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. 2008ലെ എഎഫ്സി ചലഞ്ച് കപ്പ്, 2011ലെയും 2015ലെയും എസ്എഎഫ്എഫ് ചാമ്പ്യന്‍ഷിപ്പ്, 2007, 2009, 2012 വര്‍ങ്ങളിലെ നെഹ്റു കപ്പ് 2017ലെയും 2018ലെയും അന്താരാഷ്ട്ര കപ്പ് തുടങ്ങിയ മത്സരങ്ങളില്‍ അദ്ദേഹം ഇന്ത്യയുടെ ജേഴ്‌സിയണിഞ്ഞവയില്‍ പ്രധാനപ്പെട്ടവയാണ്.