ഇന്ത്യന്‍ പുരുഷ-വനിതാ ഫുട്ബോള്‍ ടീമുകള്‍ക്ക് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഇതിനായി തങ്ങളുടെ മാനദണ്ഡങ്ങളില്‍ കേന്ദ്ര കായിക മന്ത്രാലയം ഇളവ് വരുത്തുമെന്ന് പ്രഖ്യാപിച്ചു. നേരത്തെ ഗെയിംസിന് ഫുട്ബോള്‍ ടീമുകളെ അയയ്ക്കേണ്ടെന്നായിരുന്നു കേന്ദ്ര കായികമന്ത്രാലയത്തിന്റെ തീരുമാനം.
ചൈനയിലെ ഹാങ്ഷുവില്‍ വച്ച് നടക്കുന്ന ഏഷ്യന്‍ ഗെയിംസിലെ ടീം ഇനങ്ങളില്‍, ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ടു സ്ഥാനങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഇനങ്ങളില്‍ മാത്രം മത്സരിക്കാന്‍ ആയിരുന്നു അനുമതി. നിലവില്‍ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള രാജ്യങ്ങളില്‍ 18-ാം സ്ഥാനത്താണ് ഇന്ത്യ. ഇതോടെ ടീമിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമാകുമെന്ന സാഹചര്യം ഉടലെടുത്തതോടെ പ്രതിഷേധം വ്യാപകമായിരുന്നു. ഇതേ തുടര്‍ന്നാണ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്ര കായിക മന്ത്രാലയം നിര്‍ബന്ധിതരായത്.
ഇന്ത്യന്‍ ടീം സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് അവസരം നഷ്ടമാക്കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ താരങ്ങളും ആരാധകരും രംഗത്തു വന്നിരുന്നു. കൂടാതെ ഈ ആവശ്യമുന്നയിച്ച് ഇന്ത്യന്‍ ദേശീയ ടീം കോച്ച് ഇഗോര്‍ സ്റ്റിമാക് പ്രധാനമന്ത്രി മോദിക്ക് പരസ്യ കത്ത് എഴുതുകയും ചെയ്തു. ഇതോടെയാണ് തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചത്. അനുമതി ലഭിച്ചതോടെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഉടന്‍ തന്നെ ഏഷ്യന്‍ ഗെയിംസിനുള്ള ടീം പ്രഖ്യാപിച്ചേക്കും.