Sunday, November 24, 2024

നിര്‍ണായക ഇടപെടല്‍; രക്ഷാദൗത്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ യുക്രൈയ്ന്‍ അതിര്‍ത്തികളിലേക്ക് കേന്ദ്രമന്ത്രിമാര്‍ എത്തുന്നു

യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. രക്ഷാദൗത്യം വിലയിരുത്താനും മേല്‍നോട്ടം വഹിക്കാനുമായി നാല് മന്ത്രിമാര്‍ യുക്രൈന്‍ അതിര്‍ത്തികളിലേക്ക് നേരിട്ടിറങ്ങുമെന്നും പ്രധാനമന്ത്രി അറിയിച്ചു. യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിനായുള്ള ഏകോപനം നടത്തുന്നതിനായാണ് കേന്ദ്രമന്ത്രിമാര്‍ നേരിട്ട് ഇടപെടുന്നത്. ഹര്‍ദീപ് സിംഗ്പുരിയും കിരണ്‍ റിജിജുവും സംഘത്തിലുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, വി കെ സിംഗ് എന്നിവരടക്കം യുക്രൈന്റെ അയല്‍രാജ്യങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നാണറിയുന്നത്.

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാരെ തിരിച്ചെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന അജണ്ടയെന്നായിരുന്നു ഇന്നലെ ചേര്‍ന്ന യോഗത്തിലെ തീരുമാനം. രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ യോഗം രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു. ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാന്‍ എന്തൊക്കെ കാര്യം ചെയ്യണമെന്ന് യോഗം ചര്‍ച്ച ചെയ്തിരുന്നു. വിവിധ മുഖ്യമന്ത്രിമാര്‍ നല്‍കിയ കത്തുകളും യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ ലോക രാജ്യങ്ങളുടെ സഹകരണം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. റഷ്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണം എങ്ങനെയാകും എന്നതും യോഗം ചര്‍ച്ച ചെയ്തു. കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങള്‍ കൂടി ഇന്നെത്തും. റോമാനിയയില്‍ നിന്നും ഹംഗറിയില്‍ നിന്നും ഓരോ വിമാനങ്ങള്‍ കൂടി ഇന്ന് പുറപ്പെടും.

അതിര്‍ത്തികളില്‍ ഇനിയും 3,000ത്തോളം പേര്‍ കുടുങ്ങി കിടക്കുകയാണ്. അതേസമയം, കീവിലുള്ളവരോട് ട്രെയിനുകളില്‍ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്ക് പോകാന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അവര്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

 

Latest News