Wednesday, April 2, 2025

കൃത്യമായും വ്യക്തമായും ഭീകരവാദ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഭീകരസംഘടന; ‘ഇന്ത്യന്‍ മുജാഹിദീ’ന്റെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും

മതപരമായ പ്രചോദനത്താല്‍ പ്രകോപിതരായ ഇസ്ലാമിസ്റ്റ് സംഘടനകള്‍ പൗരസമൂഹത്തിനെതിരെ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളാണ് ഇസ്ലാമിക ഭീകരപ്രവര്‍ത്തനം. ആഫ്രിക്കയിലേയും ഏഷ്യയിലേയും മിസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളോടൊപ്പം ഇന്ത്യ, അമേരിക്ക, യുകെ, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ റഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ മുസ്ലീം ഇതര ഭൂരിപക്ഷമുള്ള പ്രദേശങ്ങളേയും ബാധിക്കുന്നു. തട്ടിക്കൊണ്ടുപോകല്‍, മനുഷ്യ ബോംബായി മാറി നിരപരാധികളടക്കമുള്ളവരെ കൂട്ടക്കൊല ചെയ്യല്‍, സ്‌കൂള്‍ ബസ്സ് ആക്രമിക്കല്‍, വിമാനങ്ങള്‍ തട്ടിയെടുക്കല്‍, ഇന്റര്‍നെറ്റിലൂടെ പുതിയ അനുയായികളെ ചേര്‍ക്കല്‍ എന്നിവയെല്ലാം ഇവരുടെ മുഖ്യ പ്രവര്‍ത്തികളാണ്.

2008 ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരയും ഇത്തരത്തിലൊന്നായിരുന്നു. രാജ്യത്തെ ഞെട്ടിച്ച ആ സ്‌ഫോടന പരമ്പര കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് ഇന്നലെ കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. ഇന്ത്യന്‍ മുജാബിദീന്‍ എന്ന സംഘടനയാണ് അന്ന് ആ സ്‌ഫോടനം നടത്തിയത്. ഈ സംഘം നടത്തിയ ഏറ്റവും വലുതും തീവ്രവുമായ ആക്രമണവുമായിരുന്നു അത്. 70 മിനിറ്റിനിടെ അഹമ്മദാബാദില്‍ 21 ഇടങ്ങളിലായി നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടു. 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനം നടക്കുമെന്ന് ആക്രമണത്തിനു മുന്‍പു തന്നെ മാധ്യമങ്ങളിലേക്ക് ഇ-മെയില്‍ സന്ദേശം അയച്ചു ഭീഷണി മുഴക്കിയ ശേഷമായിരുന്നു സ്ഫോടനം. തടയാമെങ്കില്‍ തടഞ്ഞോ എന്ന വെല്ലുവിളിയും ഇ മെയിലില്‍ ഉണ്ടായിരുന്നു.

കേസില്‍ വിധി പറഞ്ഞുകൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങളും ശ്രദ്ധേയമായിരുന്നു. 2002 നും 2008 നും ഇടയില്‍ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) അഹമ്മദാബാദ്, വഡോദര, സൂറത്ത് എന്നിവിടങ്ങളില്‍ നിരവധി മീറ്റിംഗുകള്‍ നടത്തി. ഗോധ്ര സംഭവത്തിന് പ്രതികാരം ചെയ്യുക, ഹിന്ദു പ്രദേശങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുക, ഇന്ത്യയില്‍ ഇസ്ലാമിക മതം സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുക, മുസ്ലിം വിരുദ്ധ സര്‍ക്കാരിനെ നീക്കം ചെയ്യുക, ജിഹാദി പ്രസംഗങ്ങളിലൂടെ സര്‍ക്കാരിനെ വെല്ലുവിളിക്കുക, ഹിന്ദു-മുസ്ലിം വിവേചനം എന്നിവ ഈ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളാണ്. മുസ്ലീം സമുദായത്തിലെ ആളുകളെ സിമി യോഗങ്ങളിലും തീവ്രവാദ പരിശീലന ക്യാമ്പുകളിലും പങ്കെടുപ്പിക്കുകയും ചെയ്തു. 2008 ജനുവരിയില്‍, ഗുജറാത്തിലെ ഹലോല്‍ പാവഗഢിലെ വനങ്ങളിലെ ഭീകര പരിശീലന ക്യാമ്പില്‍ പ്രതികളില്‍ പലരും പങ്കെടുത്തിരുന്നു, അവിടെ അവര്‍ക്ക് പരിശീലനം നല്‍കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. 2007 ലെ വാഗമണ്‍ ക്യാമ്പിലും മധ്യപ്രദേശിലുമായാണ് അഹമ്മദാബാദ് സ്‌ഫോടന പരമ്പര ഇന്ത്യന്‍ മുജാഹിദീന്‍ ആസൂത്രണം ചെയ്തത്.

ഇന്ത്യന്‍ മുജാഹിദീന്‍

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി) എന്ന സംഘടനയ്ക്കു കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയതിനെത്തുടര്‍ന്നു 2000ലാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ രൂപംകൊണ്ടത്. അബ്ദുള്‍ സുഭാന്‍ ഖുറേഷി, യാസിന്‍ ഭട്കല്‍, റിയാസ് ഭട്കല്‍, സാദിഖ് ഇസ്രാര്‍ ഷേക്ക് എന്നിവരാണ് സ്ഥാപകനേതാക്കള്‍. ആഗോളതലത്തിലുള്ള ഇസ്ലാമിക ഭീകരസംഘങ്ങളുമായി ഇന്ത്യന്‍ മുജാഹിദ്ദീന് അടുത്ത ബന്ധമാണുള്ളത്. 2010 ജൂണ്‍ നാലിന് ഇന്ത്യന്‍ മുജാഹീദ്ദീനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.

2010 ഒക്ടോബര്‍ 22 ന് ന്യൂസിലാന്റ് ഈ സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. 2011 സെപ്റ്റംബറില്‍ അമേരിക്കന്‍ ഐക്യനാടുകള്‍ വിദേശ ഭീകര സംഘടനകളുടെ പട്ടികയില്‍ ഇന്ത്യന്‍ മുജാഹിദ്ദീനെ ഔദ്യോഗികമായി ഉള്‍പ്പെടുത്തി. ദക്ഷിണേഷ്യയില്‍ ഒരു ഇസ്ലാമിക ഖലീഫയെ സൃഷ്ടിക്കുക എന്ന അന്തിമ ലക്ഷ്യത്തോടെയാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നതെന്ന് അമേരിക്ക സ്ഥാപിക്കുന്നു. യുകെയും ഈ സംഘടനയെ നിരോധിച്ചു.

കര്‍ണാടകയിലെ ഭട്കലില്‍ ആണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍(ഐഎം) സ്ഥാപിതമായത്. തുടക്കത്തില്‍ ഉസാബ(സമ്മേളനം) എന്നായിരുന്നു പേര്. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരായിരുന്നു തുടക്കത്തില്‍ ഐഎം അംഗങ്ങള്‍. ഇന്ത്യ എന്ന രാഷ്ട്രത്തിനും അമുസ്ലിംകള്‍ക്കും എതിരേ വിശുദ്ധയുദ്ധം നടത്തുകയെന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. ദക്ഷിണേന്ത്യയില്‍ ഉസാബ വളര്‍ച്ച പ്രാപിക്കുന്നതിനിടെ അസംഗഡില്‍നിന്നുള്ള പ്രോഗ്രാം എന്‍ജിനിയര്‍ മുഹമ്മദ് സാദിഖ് ഷേക്ക് എന്നയാള്‍ ആരിഫ് ബദറുദ്ദീന്‍, ഡോ. ഷാനവാസ് എന്നിവരെ സംഘടനയിലേക്കു റിക്രൂട്ട് ചെയ്തു. ഇരുവരെയും ദുബായ് വഴി പാക്കിസ്ഥാനിലേക്കു ഭീകരപരിശീലനത്തിന് അയച്ചു. സാദിഖിനെ 2008ല്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.

ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമി(ഹുജി), ലഷ്‌കര്‍-ഇ-തൊയ്ബ എന്നീ ഭീകരസംഘടനകളായിരുന്നു ഐഎമ്മിനു മാര്‍ഗനിര്‍ദേശം നല്കിയിരുന്നത്. ഭട്കല്‍, അസംഗഡ് എന്നിവിടങ്ങളില്‍നിന്നുള്ള യാഥാസ്ഥിതിക മനോഭാവമുള്ള നഗര മധ്യവര്‍ഗത്തില്‍പ്പെട്ടവരെയായിരുന്നു ആദ്യകാലത്ത് ഇന്ത്യന്‍ മുജാഹിദ്ദീനിലേക്കു റിക്രൂട്ട് ചെയ്തിരുന്നത്.

2008 ലാണ് ഇന്ത്യന്‍ മുജാഹിദീന്‍ ജനമദ്ധ്യത്തിലെത്തുന്നത്. അതേവര്‍ഷം തന്നെ അതിന് ഒരു വലിയ സ്വാധീനം ഉണ്ടാക്കാനും കഴിഞ്ഞു. ശക്തമായി ഭീകരവാദ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സംഘടനയാണ് ഇന്ത്യന്‍ മുജാഹിദീന്‍. ഈ കൂട്ടായ്മ ഇന്ത്യയില്‍ പല തീവ്രവാദ ആക്രമണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പലപ്പോഴായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കുകയും ഇന്ത്യയില്‍ ശരിയത്ത് നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്യുക എന്നുള്ളതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

കേരളത്തില്‍ എറണാകുളം ജില്ലയില്‍ ആലുവ, വടക്കന്‍ പറവൂര്‍ മേഖലകളിലും കണ്ണൂരും കാസര്‍ഗോഡും വേരുകളുള്ള ജമിയത്തുള്‍ അന്‍സറുള്‍ മുസ്ലീമിന്‍ (ജിയാം) എന്ന സംഘടന ഇന്ത്യന്‍ മുജാഹിദീന്റെ കേരളത്തിലെ മൊഡ്യൂണ്‍ ആണെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. കേരളത്തില്‍ ആദ്യം ഇന്ത്യന്‍ മുജാഹിദീന്റെ പേരില്‍ തന്നെ പ്രവര്‍ത്തിക്കാനാണ് അവര്‍ താത്പര്യപ്പെട്ടതെങ്കിലും പിന്നീട് ജിയാം എന്ന പേരില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

ഇന്ത്യന്‍ മുജാഹിദീന്റെ പ്രധാന ആക്രമണങ്ങള്‍

2002ല്‍ കോല്‍ക്കത്തയിലെ അമേരിക്കന്‍ സെന്ററിനു നേര്‍ക്കായിരുന്നു ഇന്ത്യന്‍ മുജാഹിദ്ദീന്റെ ആദ്യ ആക്രമണം. അന്ന് ഐഎം അധികമൊന്നും അറിയപ്പെട്ടിരുന്നില്ല. അമീര്‍ റേസ ഖാന്‍, അഫ്താബ് അന്‍സാരി എന്നിവരായിരുന്നു അമേിക്കന്‍ സെന്ററിനു നേര്‍ക്കുള്ള ആക്രമണം ആസൂത്രണം ചെയ്തത്. അമീറിന്റെ സഹോദരന്‍ ഗുജറാത്തില്‍ കൊല്ലപ്പെട്ടതിനു പ്രതികാരമായിട്ടായിരുന്നു ആക്രമണം.

2008 സെപ്റ്റംബര്‍ 19നു നടന്ന ബട്ല ഹൗസ് ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെ തിരിച്ചറിഞ്ഞുതുടങ്ങിയത്. ഏറ്റുമുട്ടലില്‍ അതിഫ് അമീന്‍, മുഹമ്മദ് സാജിദ് എന്നിവര്‍ കൊല്ലപ്പെട്ടു. ബട്ല ഹൗസ് ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഉന്നത ഐഎം നേതാക്കളായ റിയാസും ഇക്ബാലും ഒളിവില്‍ പോയി. ഒരു വര്‍ഷത്തിനുശേഷം യാസിന്‍ ഭട്കല്‍ ഐഎം നേതൃത്വം ഏറ്റെടുത്തു.

2010ല്‍ നടന്ന ജര്‍മന്‍ ബേക്കറി സ്‌ഫോടനം, ഡല്‍ഹി ജുമാ മസ്ജിദ് വെടിവയ്പ്, വാരാണസി സ്‌ഫോടനം എന്നിവയുടെയെല്ലാം സൂത്രധാരന്‍ യാസിനായിരുന്നു. 2013ല്‍ യാസിന്‍ നേപ്പാളില്‍നിന്ന് അറസ്റ്റിലായി. യാസിനെ ചോദ്യം ചെയ്തതോടെയാണ് ഉന്നത ഐഎം നേതാക്കളെക്കുറിച്ചു വിവരം ലഭിച്ചത്. 2013 ഫെബ്രുവരി 21, 7:01ന് ഹൈദരാബാദില്‍ നടന്ന സഫോടനങ്ങളിലും ഇന്ത്യന്‍ മുജാഹിദീനിന് പങ്കുണ്ടെന്ന് സര്‍ക്കാര്‍ സംശയിക്കുന്നു.

ഇന്ത്യയില്‍നിന്നു കടന്ന റിയാസ് ഭട്കല്‍ അല്‍ക്വയ്ദ, താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ ഭീകരസംഘടനകളുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു. നിലവില്‍ ഐഎം തലവനാണ് റിയാസ് ഭട്കല്‍. പാക്കിസ്ഥാനിലും സൗദി അറേബ്യയിലുമായാണ് ഇയാള്‍ കഴിയുന്നത്. റിയാസിനെതിരേ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മൊഹ്‌സിന്‍ ഇസ്മായില്‍ ചൗധരി, ഡോ. ഷാനവാസ്, അമീര്‍ റേസ ഖാന്‍ എന്നീ പ്രമുഖ ഐഎം നേതാക്കളെല്ലാം ഒളിവിലാണ്.

 

Latest News