Sunday, April 20, 2025

ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസ്: തിക്കിലും തിരക്കിലുംപെട്ട് 12 മരണം

ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ തിക്കിലും തിരക്കിലുംപെട്ട് 12 പേര്‍ മരിച്ചു. സംഭവത്തില്‍ 80 ഓളം പേർക്ക് പരിക്കേറ്റതായും 11 പേരുടെ നില ഗുരുതരമാണെന്നും പ്രധാനമന്ത്രി ക്രിസ്റ്റ്യൻ എൻസെ അറിയിച്ചു. മഡഗാസ്കറിലെ ദേശീയ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്.

ഓഷ്യൻ ഐലൻഡ് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി മഡഗാസ്കറിലെ ദേശീയ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനിടയിലായിരുന്നു അപകടം. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിനിടെ കായിക പ്രേമികളുടെ തിക്കിലും തിരക്കിലുംപെടുകയായിരുന്നു. അത്‌ലറ്റിക്‌സ് ട്രാക്കിന് സമീപം പരിക്കേറ്റ നിരവധി ആളുകളെ റെഡ് ക്രോസ് പ്രവർത്തകർ പരിചരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എന്നാല്‍ തിക്കിലും തിരക്കിലും പെട്ടത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2019 ൽ മഹാമസിന സ്റ്റേഡിയത്തിൽ നടന്ന സമാനമായ സംഭവത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. മൗറീഷ്യസ്, സീഷെൽസ്, കൊമോറോസ്, മഡഗാസ്കർ, മയോട്ട്, റീയൂണിയൻ, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ ഉൾപ്പെടുന്നതാണ് ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസ്. 1977-ൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയാണ് (ഐ.ഒ.സി) ഇത് രൂപീകരിച്ചത്.

Latest News