Monday, November 25, 2024

അയര്‍ലന്‍ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങി ഇന്ത്യന്‍ വംശജനായ സൈമണ്‍ ഹാരിസ്

അയര്‍ലന്‍ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങി ഇന്ത്യന്‍ വംശജനായ സൈമണ്‍ ഹാരിസ്. ഭരണകക്ഷിയായ ഫൈന്‍ ഗെയില്‍ പാര്‍ട്ടിയുടെ പുതിയ നേതാവായി 37കാരനായ ഹാരിസിനെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ വംശജന്‍ തന്നെയായ ലിയൊ വരദ്കര്‍ അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് ഹാരിസ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. പാര്‍ട്ടിക്ക് പുതിയ ദിശ അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വരദ്കറിന്റെ രാജി.

ദേശീയ വിഷയങ്ങളില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളിലും ഹാരിസ് തന്റെ നിലപാട് വ്യക്തമാക്കി. ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത ഹാരിസ് യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ഭയാനകവും നിയമവിരുദ്ധവുമാണെന്നും പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയില്‍ വലിയ വെല്ലുവിളികളാണ് ഹാരിസിനെ കാത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ സഖ്യം നിലനിര്‍ത്തുക എന്ന നിര്‍ണായക ഉത്തരവാദിത്തം ഹാരിസിനുണ്ട്.

വടക്കന്‍ അയര്‍ലന്‍ഡുമായുള്ള ഏകീകരണത്തിനായി വാദിക്കുന്ന ഇടതുപക്ഷ പാര്‍ട്ടിയായ സിന്‍ ഫെയിനിന് ജനപ്രീതി ഇടിയുന്നത് അയര്‍ലന്‍ഡിന്റെ രാഷ്ട്രീയ ചിത്രം മാറ്റിമറിക്കാന്‍ ഇടയാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.നേരത്തെ വിദ്യാഭ്യാസം, ഗവേഷണം, ശാസ്ത്രം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്ത ഹാരിസ് കോവിഡ് കാലത്താണ് കൂടുതല്‍ ജനപിന്തുണ നേടിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വരദ്കര്‍ രാജിവെച്ചത്. അയര്‍ലന്‍ഡിന്റെ ആദ്യ ഗെ പ്രധാനമന്ത്രി കൂടിയായിരുന്നു വരദ്കര്‍.

ക്രമസമാധാനത്തിന് മുന്‍ഗണന നല്‍കുന്ന പാര്‍ട്ടിയുടെ നിലപാട് തുടരുമെന്ന് സൈമണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയവാദികളില്‍ നിന്ന് പാര്‍ട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കുമെന്നും കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ ആസൂത്രിതമാക്കുമെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.പാര്‍ട്ടിയില്‍ നിന്ന് സമ്പൂര്‍ണ പിന്തുണ നേടിയതിന് ഫൈന്‍ ഗെയിലിന്റെ ഡെപ്യൂട്ടി ലീഡര്‍ സൈമണ്‍ കോവനി ഹാരിസിനെ അഭിനന്ദിച്ചു. കഠിനാധ്വാനവും ഉത്തരവാദിത്തവും കലര്‍ന്ന പ്രവര്‍ത്തനത്തിലൂടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് പാര്‍ട്ടി അംഗങ്ങളെ അഭിസംബോധന ചെയ്യവെ ഹാരിസ് വാഗ്ദാനം ചെയ്തു.

 

Latest News