അമേരിക്കന്‍ സര്‍വ്വകലാശാലകളിലെ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനിയും. പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പേരിലാണ് അചിന്ത്യ ശിവലിംഗം എന്ന ഇന്ത്യന്‍ വംശജയെ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ അറസ്റ്റ് ചെയ്തത്. അചിന്ത്യയെ സര്‍വകലാശാലയില്‍ നിന്ന് വിലക്കിയിട്ടുണ്ട്. സര്‍വ്വകലാശാല പരിസരത്ത് നടന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.
ഇസ്രായേല്‍ ഹമാസ് യുദ്ധത്തിനെതിരായ അമേരിക്കയിലെ വിവിധ സര്‍വ്വകലാശാലകളിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. കോയമ്പത്തൂരില്‍ ജനിച്ച അചിന്ത്യ ശിവലിംഗം ഓഹിയോയിലെ കൊളംബസിലാണ് വളര്‍ന്നത്. വ്യാഴാഴ്ച രാവിലെയാണ് അചിന്ത്യ അറസ്റ്റിലായത്. സഹപാഠിക്കൊപ്പമാണ് അചിന്ത്യ ക്യാംപസില്‍ പലസ്തീന്‍ അനുകൂല ക്യാംപുകള്‍ കെട്ടിയത്. സര്‍വ്വകലാശാല അധികൃതരില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ച ശേഷവും ക്യാംപസിലെത്തിയ പ്രതിഷേധക്കാര്‍ ടെന്റുകള്‍ കെട്ടുകയായിരുന്നു. ഇതോടെയാണ് സര്‍വ്വകലാശാല അധികൃതര്‍ പോലീസ് സഹായം തേടിയത്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവര്‍ അറസ്റ്റിലായതോടെ ടെന്റ് കെട്ടിയുള്ള പ്രതിഷേധനം അവസാനിപ്പിച്ച വിദ്യാര്‍ത്ഥികള്‍ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. നൂറോളം പേര്‍ ചേര്‍ന്ന് തുടങ്ങിയ പ്രതിഷേധനത്തില്‍ മുന്നൂറിലേറെ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.
പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സര്‍വ്വകലാശാല വക്താവ് വിശദമാക്കി. അതേസമയം പ്രതിഷേധങ്ങള്‍ക്ക് സര്‍വ്വകലാശാലയിലെ ചില അധ്യാപകുടെ പരസ്യ പിന്തുണ ലഭിച്ചത് സര്‍വ്വകലാശാലാ നിലപാടിനെ കുരുക്കിലാക്കിയിട്ടുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ 550 ലെറെ ആളുകള്‍ അമേരിക്കയില്‍ അറസ്റ്റിലായതായാണ് മാധ്യമ വാര്‍ത്തകള്‍. വ്യാഴാഴ്ച മാത്രം 61 പേരാണ് അറസ്റ്റിലായിട്ടുള്ളത്. കൊളംബിയ സര്‍വ്വകലാശാലയിലാണ് യുദ്ധ വിരുദ്ധ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് ആരംഭം കുറിച്ചത്.