ലോകബാങ്കിന്റെ അടുത്ത പ്രസിഡന്റായി ഇന്ത്യൻ വംശജൻ അജയ് ബാംഗ തിരഞ്ഞെടുക്കപ്പെട്ടു. ലോക ബാങ്കിന്റെ 25 അംഗ എക്സിക്യൂട്ടീവാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്. അഞ്ചു വർഷത്തേക്കാണ് പ്രസിഡന്റായി അജയ് ബാംഗയെ നിയമിച്ചിരിക്കുന്നത്. ജൂൺ രണ്ടിന് അദ്ദേഹം ചുമതലയേറ്റെടുക്കും.
നിലവിൽ അമേരിക്കൻ കമ്പനിയായ ജനറൽ അറ്റ്‌ലാൻഡികിന്റെ വൈസ് ചെയർമാനായ അജയ്ബാംഗ, മാസ്‌റ്റർകാർഡിന്റെ മുൻ സി ഇ ഒ കൂടിയാണ്. ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ – അമേരിക്കൻ നോമിനി ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. 63 കാരനായ അജയ് ബാംഗയെ യു എസ് പ്രസിഡന്റ് ജോ ബൈഡനാണ് ലോക ബാങ്കിന്റെ പ്രസിഡന്റാകാൻ നാമനിർദ്ദേശം ചെയ്‌തത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ബിസിനസ് രംഗത്ത് സജീവമായ ബാംഗ മാസ്റ്റർകാർഡ്, ബോർഡ് ഒഫ് ദ അമേരിക്കൻ റെഡ് ക്രോസ്, ക്രാഫ്റ്റ് ഫുഡ്സ് തുടങ്ങിയവയിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.