ഉത്സവ സീസണിൽ ട്രെയിൻ യാത്രയെ ആശ്രയിക്കുന്ന യാത്രക്കാർക്കായി പുതിയ സേവനം അവതരിപ്പിച്ച് ഇന്ത്യൻ റയിൽവേ. സാധാരണയായി ഉത്സവകാലത്തെ തിരക്കുകാരണം ട്രെയിൻ യാത്രകൾ പലർക്കും ബുദ്ധിമുട്ടാകാറുണ്ട്. ട്രെയിൻ ടിക്കറ്റ് കൺഫോം ആകാത്തതാണ് പ്രധാന കാരണം. സീസൺ സമയങ്ങളിൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ കൺഫോം ആകാനുള്ള സാധ്യതയും വളരെ കുറവാണ്. ഈ സമയത്താണ് തത്ക്കാൽ ടിക്കറ്റുകളുടെ പ്രധാന്യം നാം മനസ്സിലാക്കുന്നത്. എന്നാൽ ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതിനാൽ തത്ക്കാൽ ടിക്കറ്റുകൾ ഇപ്പോൾ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.മാത്രമല്ല ഏജൻറ്മാരെ ആശ്രയിക്കേണ്ടതായും വരുന്നു.
രാജ്യം ഉത്സവ സീസണിലേക്ക് കടക്കുമ്പോൾ ഇതിനൊരു പരിഹാരമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. അതായത് തത്ക്കാൽ ടിക്കറ്റുകൾക്കായി ഇനി ഏജന്റുമാരുടെ പക്കലേക്ക് പോകേണ്ടതില്ല. ഐആർസിടിസിയുടെ ‘മാസ്റ്റർ ലിസ്റ്റ്’ ഫീച്ചർ ഉപയോഗിച്ച് യാത്രക്കാരുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.
എന്താണ് മാസ്റ്റർ ലിസ്റ്റ് ഫീച്ചർ
കൺഫോം ആയ തത്കാൽ ടിക്കറ്റുകൾ എളുപ്പത്തിൽ ലഭിക്കാൻ സാധ്യതയേറും എന്നതാണ് മാസ്റ്റർ ലിസ്റ്റ് ഫീച്ചറിന്റെ പ്രധാന സവിശേഷത. യാത്രക്കരുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പേര് വീണ്ടും ടൈപ്പ് ചെയ്യുന്നതിനു പകരം ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനവും ഈ ഫീച്ചറിൽ ഉണ്ട്. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനു IRCTC ആപ്പോ വെബ്സൈറ്റോ തുറന്നാൽ മതിയാവും. അതോടൊപ്പം പേയ്മെന്റ് നടത്തുമ്പോൾ യുപിഐ പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനും ലഭ്യമാണ്. അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ ധാരാളം സമയം ലാഭിക്കാനുമാകും.