റോഡപകട വാർത്തകളാൽ നിറഞ്ഞിരിക്കുകയാണ് ഇന്ത്യയിലെ ഓരോ ദിവസത്തെയും പത്രങ്ങൾ. മലയിടുക്കുകളിലേക്ക് പാസഞ്ചർ ബസുകൾ വീണതും മദ്യപിച്ച കാൽനടയാത്രക്കാർക്കു സംഭവിക്കുന്ന അപകടങ്ങളും നിർത്തിയിട്ടിരിക്കുന്ന ട്രക്കുകളിൽ മറ്റ് വാഹനങ്ങൾ ഇടിച്ചുള്ള അപകടവും വലിയ വാഹനങ്ങൾ ഇരുചക്ര വാഹനങ്ങളെ ഇടിച്ചുവീഴ്ത്തുന്നതും എന്നിങ്ങനെ നീളുന്നു വാർത്തകൾ. ഈ ദൈനംദിന ദുരന്തങ്ങൾ ഇന്ത്യൻ റോഡുകളിലെ വലിയൊരു പ്രതിസന്ധിയെ ആണ് കാണിക്കുന്നത്.
2023 ൽ മാത്രം ഇന്ത്യൻ റോഡുകളിൽ 1,72,000 ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് കണക്കുകൾ. ഓരോ ദിവസവും ശരാശരി 474 മരണങ്ങൾ അല്ലെങ്കിൽ ഓരോ മൂന്നു മിനിറ്റിലും ഒരാൾ വീതമാണ് മരിക്കുന്നത്. 2023 ലെ ഔദ്യോഗിക അപകട റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഡിസംബറിൽ നടന്ന ഒരു റോഡ് സുരക്ഷാ പരിപാടിയിൽ റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഈ ഡാറ്റ ഉദ്ധരിച്ച് ഒരു റിപ്പോർട്ട് പുറത്തിറക്കി.
ആ വർഷം മരിച്ചവരിൽ 10,000 കുട്ടികൾ ഉൾപ്പെടുന്നു. സ്കൂളുകൾക്കും കോളേജുകൾക്കും സമീപമുള്ള അപകടങ്ങളിൽ മരിച്ചത് 10,000 ൽ കൂടുതൽ പേരാണ്. 35,000 കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു; ഇരുചക്രവാഹന യാത്രികരും മരിച്ചവരിൽപെടുന്നു. ഇരുചക്ര വാഹനക്കാരുടെ അപകടത്തിന് പ്രധാന കാരണം അമിതവേഗതയാണ്.