Sunday, November 24, 2024

ഇന്ത്യന്‍ ബഹിരാകാശ നിലയം; ഐഎസ്ആര്‍ഒ ജോലികള്‍ ആരംഭിച്ചു

ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂളുകള്‍ വരുന്ന കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കാനാകുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ്. എത്രയും വേഗം നിലയം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ജോലികള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

2035 ഓടുകൂടി ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രവര്‍ത്തനമാരംഭിക്കാനുള്ള ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ചിരിക്കുന്നത്. ബഹിരാകാശ നിലയത്തിന് ആവശ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള ജോലികള്‍ നേരത്തെ തന്നെ ഐഎസ്ആര്‍ഒ ആരംഭിച്ചിട്ടുണ്ട്.

ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് നിലയം സ്ഥാപിക്കുക. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്ന് വിളിക്കുന്ന ഈ ബഹിരാകാശ നിലയത്തില്‍ തുടക്കത്തില്‍ രണ്ട് മുതല്‍ നാല് പേര്‍ക്ക് വരെ കഴിയാനാവും. നിലയം യാഥാര്‍ത്ഥ്യമാവുന്നതോടെ ആ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

20 ടണ്‍ ആയിരിക്കും ബഹിരാകാശ നിലയത്തിന്റെ തുടക്കത്തിലുള്ള ഭാരം. പിന്നീട് വിവിധ ഭാഗങ്ങള്‍ കൂട്ടിചേര്‍ക്കുന്നതോടെ 400 ടണ്‍ ആയി ഇത് വര്‍ധിക്കും. ബഹിരാകാശ നിലയത്തിന്റെ ഒരറ്റത്ത് ഡോക്കിങ് പോര്‍ട്ട് ആയിരിക്കും. യാത്രികര്‍ സഞ്ചരിക്കുന്ന ക്രൂ മോഡ്യൂള്‍ ഇവിടെയാണ് ബന്ധിപ്പിക്കുകയെന്നും ഈ ഡോക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഡോക്കിങ് പോര്‍ട്ടിന് സമാനമായിരിക്കുമെന്നും വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ.ഉണ്ണികൃഷ്ണന്‍ നായരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു..

പൂര്‍ണതോതില്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ നാല് വ്യത്യസ്ത മോഡ്യൂളുകള്‍ നിലയത്തിനുണ്ടാവും. അക്കൂട്ടത്തില്‍ അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനായി സ്ഥിരമായി നിലയവുമായി ബന്ധിപ്പിച്ച ക്രൂ മോഡ്യൂള്‍ എസ്‌കേപ്പ് സിസ്റ്റവും ഉണ്ടാവും.

 

Latest News