Thursday, January 23, 2025

യുക്രൈനില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ പഠനം തുടരാമെന്ന് ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതി റോമന്‍ ബാബുഷ്‌കിന്‍

യുക്രൈനില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ പഠനം തുടരാമെന്ന് ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതി റോമന്‍ ബാബുഷ്‌കിന്‍. വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യന്‍ യൂണിവേഴ്സിറ്റികളില്‍ പ്രവേശനം നല്‍കും. ധനനഷ്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ റഷ്യ അവസരം നല്‍കും. ഇത് സംബന്ധിച്ച് നോര്‍ക്ക സിഇഒയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് റഷ്യന്‍ സ്ഥാനപതി മാധ്യമങ്ങളോട് പറഞ്ഞു. പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് തിരുവനന്തപുരത്തെ റഷ്യന്‍ കോണ്‍സുലേറ്റിനെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം യുക്രൈനിലെ കിഴക്കന്‍ മേഖലയിലെ പ്രതിരോധം ശക്തമാക്കിയ റഷ്യന്‍ സൈന്യം സെവെറോഡൊനാറ്റ്‌സ്‌ക് പിടിച്ചെടുക്കാനൊരുങ്ങുകയാണ്. നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകര്‍ക്കപ്പെട്ടെങ്കിലും ഇരുരാജ്യങ്ങളും തോല്‍വിയോ ജയമോ പ്രഖ്യാപിച്ചിട്ടില്ല.

കൂടുതല്‍ ശക്തമായ ആയുധങ്ങള്‍ വേണമെന്ന് പാശ്ചാത്യരാജ്യങ്ങളോട് യുക്രൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൈക്കലോവ്, ഖര്‍ക്കീവ് മേഖലകളില്‍ മൂന്ന് യുക്രൈന്‍ യുദ്ധവിമാനങ്ങള്‍ വ്യോമപ്രതിരോധ സേന തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

എന്നാല്‍, യുദ്ധത്തില്‍ യുക്രൈന്‍ ജയിക്കാന്‍ പോവുകയാണെന്ന് ഓണ്‍ലൈനായി സിംഗപ്പുരിലെ സമ്മേളനത്തില്‍ പങ്കെടുത്ത യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു.

 

Latest News