കാനഡയില്‍നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച എട്ട് പേരെ അതിര്‍ത്തിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അമേരിക്കയിലെ സെന്റ് ലോറന്‍സ് നദിയുടെ തീരത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാനഡ പാസ്പോര്‍ട്ട് കൈവശമുള്ള ഇന്ത്യന്‍ വംശജരും റുമേനിയന്‍ വംശജരുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
രണ്ട് കുട്ടികളടക്കം എട്ട് പേരുടെ മൃദേഹങ്ങളാണ് കണ്ടെത്തിയത്. തകര്‍ന്ന ബോട്ടിനടുത്ത് ചതുപ്പില്‍നിന്ന് വ്യാഴാഴ്ച വൈകിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കനത്ത കാറ്റും മഞ്ഞുവീഴ്ചയുമാകാം ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടിയില്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടതായിരിക്കാമെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന് ട്രൂഡോ അനുശോചനം രേഖപ്പെടുത്തി. എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി മനസിലാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരത്തിലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.