Saturday, April 19, 2025

ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും; പതാകയും പാസ്‌പോര്‍ട്ടും പണവും കൈയ്യില്‍ കരുതാന്‍ നിര്‍ദേശം; യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ വിമാനങ്ങള്‍ പുറപ്പെട്ടു

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് എംബസി പുതിയ മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. യുക്രൈന്‍ അതിര്‍ത്തികളിലെ ഹംഗറിയുടെയും റൊമാനിയയുടെയും ചെക് പോസ്റ്റുകളില്‍ എത്തണമെന്നാണ് നിര്‍ദേശം.

അതിര്‍ത്തിയുടെ അടുത്ത് താമസിക്കുന്നവരാണ് ആദ്യം എത്തേണ്ടത്. വാഹനത്തില്‍ ഇന്ത്യന്‍ പതാക കെട്ടണമെന്നും അവശ്യ ചെലവിനു യുഎസ് ഡോളര്‍ കൈയില്‍ കരുതണമെന്നും നിര്‍ദേശമുണ്ട്. വിദ്യാര്‍ത്ഥികളോട് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടും കൈയില്‍ കരുതാനും പറഞ്ഞിട്ടുണ്ട്. അതിനിടെ, പോകുന്ന വാഹനത്തിന്റെയും ഫ്‌ളൈറ്റിന്റെയുമൊക്കെ ടിക്കറ്റ് ചാര്‍ജ് അടയ്ക്കണമെന്നു പറഞ്ഞതു വിദ്യാര്‍ഥികള്‍ക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു.

വിദ്യാര്‍ഥികളില്‍ പലരും കൈയിലുള്ള പണം ഉപയോഗിച്ച് നേരത്തെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍, ഫ്‌ളൈറ്റുകള്‍ റദ്ദായതോടെ കുറെ പണം നഷ്ടപ്പെട്ടു. ഇനിയും വന്‍ തുക മുടങ്ങി നാട്ടിലേക്കു മടങ്ങാന്‍ കഴിയുന്ന സാഹചര്യത്തിലല്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇക്കാര്യത്തിലാണ് ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിരിക്കുന്നത്.

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് വ്‌ളാഡിമിര്‍ പുടിന്‍ അറിയിച്ചിരുന്നു. നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിലാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പാക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് യുക്രൈന്‍ അഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് മോദി പുടിനുമായി സംസാരിച്ചത്.

 

 

 

 

Latest News