യുകെ ആസ്ഥാനമായുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സ്ഥാപനമായ വണ്‍വെബ്ബിനുവേണ്ടിയുള്ള ഐഎസ്ആര്‍ഒയുടെ രണ്ടാംഘട്ട വിക്ഷേപണം നാളെ. ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ എല്‍വിഎം- 3 ഉപയോഗിച്ച് 36 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുക.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ഞായറാഴ്ച രാവിലെ ഒന്‍പതിനാണ് വിക്ഷേപണം. എല്‍വിഎം- 3 യുടെ നിര്‍ണായകമായ രണ്ടാം വിക്ഷേപണമാണിത്. വണ്‍വെബ്ബിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആഗോളതലത്തിലെത്തിക്കുന്നതിനുള്ള ഉപഗ്രഹശൃംഖലയുടെ പൂര്‍ത്തീകരണം നാളത്തെ വിക്ഷേപണത്തിന്റെ വിജയത്തോടെ സാധ്യമാകും.
ഉപഗ്രഹ ഇന്റര്‍നെറ്റ് സംവിധാനം ആഗോളതലത്തില്‍ എത്തിക്കുന്നതിന് ഇതുവരെ 17 തവണയാണ് വണ്‍വെബ്ബിന്റെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. 18-ാം ദൗത്യമാണ് നാളത്തേത്. വണ്‍വെബ്ബിനുവേണ്ടിയുള്ള ഐഎസ്ആര്‍ഒയുടെ രണ്ടാം വിക്ഷേപണമാണിത്. 36 ഉപഗ്രഹങ്ങള്‍ ഒക്ടോബറില്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചിരുന്നു. വാണിജ്യ വിഭാഗമായ ന്യൂസ് സ്‌പേസ് ഇന്ത്യ ലിമിറ്റഡുമായാണ് വണ്‍വെബ്ബ് കരാറിലേര്‍പ്പെട്ടത്. 72 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനാണ് കരാര്‍.