Tuesday, November 26, 2024

യൂറോപ്പിലെ ഉപഭോക്താക്കൾ ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ ഉക്രൈന് കൈമാറിയെന്ന റിപ്പോർട്ട് തള്ളി ഇന്ത്യ

ഇന്ത്യൻ നിർമ്മിത പീരങ്കി ഷെല്ലുകൾ വാങ്ങിയ യൂറോപ്പിലെ ഉപഭോക്താക്കൾ അവ ഉക്രൈന് കൈമാറുന്നത് തടയുന്നതിൽ ഇന്ത്യൻ സർക്കാർ പരാജയപ്പെട്ടുവെന്ന് അവകാശപ്പെടുന്ന വാർത്താ റിപ്പോർട്ട് തള്ളി ഇന്ത്യ. ഇന്ത്യൻ ആയുധ നിർമ്മാതാക്കൾ വിറ്റ പീരങ്കി ഷെല്ലുകൾ യൂറോപ്യൻ ഉപഭോക്താക്കൾ ഉക്രൈനിലേയ്ക്ക് വഴിതിരിച്ചുവിട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ആരോപിച്ചത്.

ആയുധ കൈമാറ്റം ഒരു വർഷത്തിലേറെയായി തുടരുകയാണെന്നും മോസ്‌കോയിൽ നിന്ന് ആവർത്തിച്ചുള്ള പ്രതിഷേധങ്ങൾക്കിടയിലും ഇത് തടയാൻ ഡൽഹി നടപടിയെടുക്കുന്നില്ലെന്നും റിപ്പോർട്ടിൽ ആരോപിച്ചു. എന്നാൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം റിപ്പോർട്ടിനെ “ഊഹാപോഹങ്ങൾ” എന്നും “തെറ്റിദ്ധരിപ്പിക്കുന്നത്” എന്നുമാണ് വിശേഷിപ്പിത്.

റിപ്പോർട്ട് തള്ളിയ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആയുധവ്യാപനം തടയുന്നതിനുള്ള അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചിട്ടുള്ള ചരിത്രവും ശക്തമായ കയറ്റുമതി നിയമങ്ങളുമാണ് ഇന്ത്യക്കുള്ളതെന്നും പറഞ്ഞു. റിപ്പോർട്ടിനെക്കുറിച്ചോ ഡൽഹിയുടെ പ്രസ്താവനയെക്കുറിച്ചോ മോസ്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യൻ ആയുധ കയറ്റുമതി നിയമങ്ങൾ പ്രകാരം വാങ്ങുന്നയാൾക്ക് മാത്രമേ ആയുധങ്ങൾ ഉപയോഗിക്കാനാകുകയുള്ളു. ഇതിന്റെ ലംഘനം ഭാവിയിലെ ആയുധ വിൽപ്പനയെ/കയറ്റുമതിയെ തന്നെ ബാധിച്ചേക്കാം. മെയ് മാസത്തിൽ, ആയുധങ്ങൾ വാങ്ങുന്ന രാജ്യം മൂന്നാമതൊരു രാജ്യത്തേക്ക് അവ അയക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കയറ്റുമതി നിയമങ്ങൾ ഇന്ത്യ കൂടുതൽ കർഷനമാക്കിയിരുന്നു.

Latest News