ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിജയകരമായി വിക്ഷേപിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹിരാകാശ സ്റ്റാർട്ടപ്പ് കമ്പനി ആയ സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ കുഞ്ഞൻ റോക്കറ്റാണ് വിക്രം എസ്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ നിന്നു 11.30 നാണ് റോക്കറ്റ് കുതിച്ചുയർന്നത്. ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ആയിരുന്നു ഇത്.
545കിലോ ഭാരവും വെറും ആറു മീറ്റർ ഉയരവും മാത്രമുള്ള റോക്കറ്റാണ് വിക്രം എസ്. പരമാവധി 81.5 മീറ്റർ ഉയരത്തിൽ മാത്രം എത്തുന്ന റോക്കറ്റിനു വിക്ഷേപണം മുതൽ കടലിൽ പതിക്കുന്നത് വരെ ആകെ അഞ്ച് മിനിറ്റ് സമയം മാത്രമാണ് ആയുസുള്ളത്. പ്രാരംഭ് എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ഇന്ത്യൻ ബഹിരാകാശ രംഗത്തെ പുത്തൻ ചുവടുവയ്പ്പാണ്.
വിക്രം എസിലൂടെ റോക്കറ്റ് വിക്ഷേപണ രംഗത്തേക്കുള്ള സ്കൈറൂട്ടിന്റെ രംഗപ്രവേശനത്തെ ഐഎസ്‌ആർഒയും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇത്തരം സ്വകാര്യ മേഖലയിലേക്ക് മാറ്റി, ഗവേഷണത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുവാനാണ് ഇസ്രൊ ലക്ഷ്യമിടുന്നത്.
ഇൻസ്പേസ് ചെയർമാൻ പവൻ ഗോയങ്ക, ഐഎസ്ആർഓ ചെയർമാൻ എസ്. സോമനാഥ്, ബഹിരാകാശ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവർ വിക്രം എസിന്റെ വിക്ഷേപണം വീക്ഷിക്കാൻ എത്തിയിരുന്നു.