Wednesday, May 14, 2025

മലിനമാക്കപ്പെടുന്ന ഇന്ത്യയുടെ ‘ഹൃദയ’വും ചെറുഗ്രാമങ്ങളും

2024 ൽ ലോകാരോ​ഗ്യ സംഘടനയുടെ വായു​ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച രാജ്യങ്ങളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ ഈ ലിസ്റ്റിൽ ഇന്ത്യ ഉണ്ടായിരുന്നില്ല എന്നുമാത്രമല്ല, ഏറ്റവും മലിനമാക്കപ്പെട്ട രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യയും ഉൾപെട്ടിരുന്നു എന്നത് രാജ്യത്തെ ഏറെ നാണക്കേടിലേക്കു നയിച്ച ഒന്നായിരുന്നു.

ഇന്ത്യയിലെ 35% നഗരങ്ങളിലും വായുമലിനീകരണം ഏറെ ബാധിച്ചിട്ടുണ്ട്; അതിൽ ഇന്ത്യയുടെ ഹൃ​ദയഭാ​ഗമായ ഡൽഹിയും ഉൾപ്പെടുന്നു. വായുമലിനീകരണം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഒരുകാലത്ത് താരതമ്യേന വൃത്തിയുള്ളതായി കണക്കാക്കപ്പെട്ടിരുന്ന ചെറിയ നഗരങ്ങൾപോലും ഇപ്പോൾ അപകടകരമാംവിധം ഉയർന്ന മലിനീകരണ തോത് അനുഭവിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡൽഹി, അരുണാചൽ പ്രദേശ്, മണിപ്പൂർ, മധ്യപ്രദേശ്, ത്രിപുര, മിസോറാം, മേഘാലയ, നാ​ഗാലാന്റ് എന്നിവയാണ് ഇന്ത്യയിൽ മലിനമാക്കപ്പെടുന്ന പ്രധാന സംസ്ഥാനങ്ങൾ.

മലിനമാകുന്ന ഹൃദയം

2022 ൽ യു എസ് ആസ്ഥാനമായുള്ള ഹെൽത്ത് ഇഫക്റ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് 7000 ലോകനഗരങ്ങളിൽ നടത്തിയ സർവേയിൽ, ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലെ വായുമലിനീകരണം ലോകത്തിലെ മറ്റേതു പ്രധാന ന​ഗരത്തെക്കാളും മോശമാണെന്ന് കണ്ടെത്തുകയുണ്ടായി. ഡൽഹിയെ ബാധിക്കുന്ന വായുമലിനീകരണം ചുറ്റുമുള്ള മറ്റു ജില്ലകളെയും ബാധിക്കുന്നതായി കണ്ടെത്തി. ലോകാരോ​ഗ്യ സംഘടനയുടെ കണക്കനുസരിച്ച്, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ആസ്ത്മയും മൂലമുള്ള ലോകത്തിലെ ഏറ്റവും ഉയർന്ന മരണനിരക്ക് ഇന്ത്യയിലാണെന്നാണ് പറയുന്നത്. ഈ വായുമലിനീകരണം ഡയൽഹിയിലെ കുട്ടികളെ വളരെ മോശമായി ബാധിക്കുന്നുണ്ട്. 2.2 ദശലക്ഷം കുട്ടികളുടെ ശ്വാസകോശത്തെ, മാറ്റിവയ്ക്കാനാവാത്തവിധം ഈ മലിനീകരണം നശിപ്പിച്ചിട്ടുണ്ട്.

ചെറുകിട ന​ഗരങ്ങളും ഇരകൾ

വൻകിട ന​ഗരങ്ങൾ മാത്രമല്ല, ചെറുന​ഗരങ്ങൾ പോലും മലിനമാകുന്നുണ്ട്. ഒരുകാലത്ത് ന​ഗരങ്ങൾക്കു മാത്രമുള്ളെന്നു കരുതിയിരുന്ന മലിനീകരണ പ്രശ്നങ്ങൾ ചെറുപട്ടണങ്ങളെ പോലും ബാധിച്ചത് ഞെട്ടലുണ്ടാക്കുകയാണ്. അസം – മേഘാലയ അതിർത്തിയിലുള്ള ഒരു ചെറിയ വ്യാവസായിക പട്ടണമായ ബൈർണിഹട്ട്, ഡൽഹിയെപോലും മറികടക്കുന്ന രീതിയിൽ മലിനമാക്കപ്പെടുന്നു എന്നാണ് കണക്കുകൾ പറയുന്നത്.

ബെർണിഹട്ടിലെ വായുനിലവാരം മോശമാകുന്നത് പ്രദേശവാസികൾക്ക് ​ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. ശ്വസനപ്രശ്നങ്ങൾ, ഹൃദ്രോ​ഗങ്ങൾ, കാൻസർ തുടങ്ങിയ രോഗങ്ങൾ പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നുണ്ട്. ഇത്തരം അസുഖങ്ങൾ ഏറിവരുന്നതോടെ നാട്ടുകാർ പ്രതിഷേധപ്രകടനങ്ങളിലേക്കു തിരിഞ്ഞു. അതിന്റെ ഭാ​ഗമായി പരിസ്ഥിതി നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഏഴ് വ്യാവസായിക യൂണിറ്റുകളാണ് അധികൃതർ അടച്ചുപൂട്ടിയത്.

എങ്ങനെ നേരിടാം

ഇന്ത്യയൊട്ടാകെ മലിനീകരണം നേരിടുന്നത് രാജ്യത്തിന്റെ നിലനിൽപിനെ തന്നെ ബാധിക്കുന്നു. ഇതിനായി കർശനമായ പാരിസ്ഥിതിക നിയന്തണങ്ങൾ കൊണ്ടുവരണം. പുനരുപയോ​ഗിക്കാവുന്ന ഊർജസ്രോതസ്സുകൾ നിക്ഷേപിക്കുക, വായു, ജലം എന്നിവ മലിനമാക്കപ്പെടുന്നതിന് മികച്ച പരിഹാരങ്ങൾ കണ്ടെത്തുക. കൂടാതെ, വാഹനങ്ങളിൽ നിന്നുള്ള പുക മൂലം വായു മലിനമാക്കപ്പെടാനുള്ള സാധ്യതകൾ ഏറെയാണെന്നതിനാൽ അത്തരം വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക എന്നീ മാർഗങ്ങളിലൂടെ ഒരു പരിധിവരെ നമുക്ക് വായുമലിനീകരണത്തെ നിയന്ത്രിക്കാം.

Latest News