ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡനെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. ജി 20 ഉച്ചകോടിക്കിടെയാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിലേക്ക് ബൈഡനെ ക്ഷണിച്ചതെന്നാണ് വിവരം.
വീണ്ടും ഇന്ത്യ സന്ദര്‍ശിക്കാന്‍ ബൈഡന് ക്ഷണം ലഭിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റിയാണ് വെളിപ്പെടുത്തിയത്. ന്യൂഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിക്ക് ഒരു ദിവസം മുമ്പ് നടന്ന ഉഭയകക്ഷി യോഗത്തിലായിരുന്നു ഈ ക്ഷണമെന്ന് ഗാര്‍സെറ്റി പറഞ്ഞു. മോദിയുടെ ക്ഷണം ഇരുരാജ്യങ്ങളും തമ്മിലുള്ള അഗാധമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായും വരും വര്‍ഷങ്ങളില്‍ ശക്തമായ ബന്ധം വളര്‍ത്തിയെടുക്കാന്‍ പ്രതീക്ഷിക്കുന്നതായും ഗാര്‍സെറ്റി വ്യക്തമാക്കി. റിപ്പബ്ലിക് ദിനാഘോഷ വേളയിലെ ക്വാഡ് നേതാക്കളുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഗാര്‍സെറ്റിയുടെ മറുപടി.