ചൈനയില്‍ നടക്കുന്ന 19 -ാമത് എഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം തൊണ്ണൂറായി. വെള്ളിയാഴ്ച നടന്ന അമ്പെയ്ത്ത്, ബോക്‌സിങ്ങ് മത്സരങ്ങളില്‍ രണ്ടു മെഡലുകള്‍കൂടി സ്വന്തമാക്കിയതോടെയാണ് മെഡല്‍ സമ്പാദ്യം തൊണ്ണൂറിലെത്തിയത്. ഇതോടെ 21 സ്വർണ്ണവും 33 വെള്ളിയും 36 വെങ്കലവുമായി ഇന്ത്യ നാലാം സ്ഥാനത്തെത്തി.
183 സ്വർണ്ണമുള്ള ചൈനയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 44 സ്വർണ്ണമുള്ള ജപ്പാനും 36 സ്വർണ്ണമുള്ള ദക്ഷിണ കൊറിയയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അമ്പെയ്ത്തില്‍ ഇന്ന് പുരുഷന്മാരുടെ റിക്കര്‍വ് ടീമാണ് മെഡലണിഞ്ഞത്. ഫൈനലില്‍ ദക്ഷിണ കൊറിയയോട് 1-5 നു തോറ്റതോടെയാണ് ഇന്ത്യന്‍ ടീമിന് വെള്ളിമെഡലുമായി തൃപ്തിപ്പെടേണ്ടിവന്നത്. അതനു ദാസ്, തുഷാര്‍ ഷെല്‍ക്കെ, ധീരജ് ബൊമ്മദേവര എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്.