Monday, November 25, 2024

മലേറിയയ്‌ക്കെതിരെ ഇന്ത്യയുടെ ‘ആർ21/മെട്രിക്സ് എം’: വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

മലേറിയ തടയുന്നതിനായി ഇന്ത്യ വികസിപ്പിച്ച വാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കി. ‘ആർ21/മെട്രിക്സ് എം’ എന്നറിയപ്പെടുന്ന വാക്സിന്‍ ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ഉപയോഗിക്കാമെന്ന് ഡബ്ലൂ.എച്ച്.ഒ അറിയിച്ചു. ബുർക്കിനഫാസോ, കെനിയ, മാലി, ടാൻസാനിയ എന്നീ രാജ്യങ്ങളിലെ മലേറിയ ട്രാൻസ്മിഷൻ ഉള്ള സൈറ്റുകളിൽ നടത്തിയ പരീക്ഷണങ്ങള്‍ക്കു പിന്നാലെയാണ് ഡബ്ലൂ.എച്ച്.ഒയുടെ അനുമതി.

കുട്ടികളിൽ മലേറിയ തടയുന്നതിന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന ലോകത്തിലെ രണ്ടാമത്തെ വാക്സിനാണ് ഇന്ത്യയുടെ ‘ആർ21/മെട്രിക്സ് എം’. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാക്സിന്‍ വികസിപ്പിച്ചത്. യൂറോപ്യൻ ആൻഡ് ഡെവലപ്പിങ് കൺട്രീസ് ക്ലിനിക്കൽ ട്രയൽസ് പാർട്ണർഷിപ്പ് (‘EDCTP’), വെൽകം ട്രസ്റ്റ്, യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (‘EIB’) എന്നിവയുടെ പിന്തുണയും ലഭിച്ചു.

വാക്സിന്റെ ക്ലിനിക്കൽ ട്രയൽ അവസാന ഘട്ടത്തിലാണ്. എന്നാല്‍ നാലു രാജ്യങ്ങളില്‍ നിന്നുള്ള 4,800 കുട്ടികൾ ഉൾപ്പെടെയുള്ളവരിൽ ഇതിനകം തന്നെ ആർ21/മെട്രിക്സ് എം ഉപയോഗിക്കുന്നതിന് അനുമതി നൽകി. അതേസമയം, ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതി, സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് എക്സ്പെർട്ട്സ് (SAGE), മലേറിയ പോളിസി അഡ്വൈസറി ഗ്രൂപ്പ് (എം.പി.എ.ജി) എന്നിവയുടെ വിശദമായ ശാസ്ത്രീയ അവലോകനത്തിന് ശേഷമാണ് വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

Latest News