Friday, February 28, 2025

ഇന്ത്യയുടെ മണ്ണ് ഏറ്റവും ദുർബലം: സ്വാഭാവിക പ്രതിരോധശേഷി നഷ്ടപ്പെടുന്നുണ്ടെന്ന് വിദഗ്ധർ

ഇന്ത്യയിലെ മണ്ണിന്റെ ആരോഗ്യം അപകടത്തിലാണെന്നും അതിന്റെ സ്വാഭാവിക പ്രതിരോധശേഷി നഷ്ടപ്പെടുന്നുണ്ടെന്നും അനുയോജ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അവ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും രാജസ്ഥാനിലെ നിംലിയിൽ നടന്നുകൊണ്ടിരിക്കുന്ന ‘അനിൽ അഗർവാൾ ഡയലോഗ് 2025’ ൽ വിദഗ്ധർ പറഞ്ഞു. കല്യാണിയിലെ ബിദാൻ ചന്ദ്ര കൃഷി വിശ്വവിദ്യാലയ പ്രൊഫസർ ബിശ്വപതി മണ്ഡൽ, ഭോപ്പാലിലെ ഐ സി എ ആർ – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് എൻ കെ ലെങ്ക എന്നിവർ, ‘ഇന്ത്യയ്ക്ക് അതിന്റെ മണ്ണിനെ നഷ്ടപ്പെടുന്നുണ്ടോ?’ എന്ന സെഷനിൽ ഇന്ത്യൻ മണ്ണിന്റെ അവസ്ഥയെക്കുറിച്ച് പുതിയ ഉൾക്കാഴ്ച നൽകി.

“ഏറ്റവും ദുർബലമായ മണ്ണുകളിലൊന്നാണ് ഇന്ത്യൻ മണ്ണ്. ആഗോള ശരാശരിയായ 2.4 ടൺ മണ്ണൊലിപ്പിനെക്കാൾ പ്രതിവർഷം ഹെക്ടറിന് 20 ടൺ മണ്ണൊലിപ്പ് ഇന്ത്യയിൽ നടക്കുന്നുണ്ട്” – മണ്ഡൽ പറഞ്ഞു.

“നമ്മുടെ മണ്ണിന് അതിന്റെ സ്വാഭാവിക പ്രതിരോധശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നശിച്ചുപോയ ഭൂമിക്ക് തിരിച്ചുവരാൻ കഴിയില്ല. തദ്ദേശഭരണത്തെ ശക്തിപ്പെടുത്തുകയും ശക്തമായ പങ്കാളിത്തങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന മണ്ണിനെ കേന്ദ്രീകരിച്ചുള്ള അടിയന്തര നടപടിക്കു സമയമായി” – അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ണും മനുഷ്യന്റെ ആരോഗ്യവും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്ന് ശാസ്ത്രീയ ഗവേഷണങ്ങൾ തെളിയിക്കുന്നു. മണ്ണ് നശിക്കുമ്പോൾ, അതിലെ പോഷകങ്ങൾ അപ്രത്യക്ഷമാവുകയും ആളുകളിൽ അവ പോഷകാഹാരക്കുറവിനു കാരണമാവുകയും ചെയ്യുന്നു. മണ്ണിൽ സിങ്ക് ലഭ്യത കുറവുള്ള ജില്ലകളിൽ വളർച്ചമുരടിപ്പിന്റെ നിരക്ക് (ഒരു കുട്ടിയുടെ പ്രായത്തിനനുസരിച്ച് ഉയരം കുറവായിരിക്കുന്ന അവസ്ഥ) ഗണ്യമായി കൂടുതലാണെന്നും ഭാരക്കുറവ് (പ്രായത്തിനനുസരിച്ച് ഭാരം കുറവായിരിക്കുന്ന അവസ്ഥ) ഉണ്ടെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. മണ്ണിലെ ഇരുമ്പിന്റെ ലഭ്യതയും വിളർച്ചയും തമ്മിലുള്ള വ്യക്തമായ ബന്ധവും ശാസ്ത്രജ്ഞർ കണ്ടെത്തി.

വായു, സമുദ്രം, ജൈവവൈവിധ്യം എന്നിവയ്ക്കു തുല്യമായി മണ്ണിനെ ആഗോളതലത്തിൽ പൊതുവായി കണക്കാക്കണമെന്ന് മണ്ഡൽ അഭിപ്രായപ്പെട്ടു. രാജസ്ഥാനിലെ നിംലിയിൽ സ്ഥിതിചെയ്യുന്ന അനിൽ അഗർവാൾ പരിസ്ഥിതി പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന അനിൽ അഗർവാൾ ഡയലോഗിൽ രാജ്യമെമ്പാടുമുള്ള എൺപതിലധികം പത്രപ്രവർത്തകർ പങ്കെടുത്തുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News