Tuesday, November 26, 2024

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ ഇനി ഇന്ദിരയും നര്‍ഗീസും ഇല്ല; പുരസ്‌കാരങ്ങളുടെ പേര് മാറ്റി

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേര് മാറ്റി. സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെടുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടെ ശുപാര്‍ശകള്‍ വാര്‍ത്താവിനിമയ മന്ത്രാലയം അംഗീകരിച്ചതോടെയാണ് പുതിയ പരിഷ്‌കരണം.

നവാഗത സംവിധായകനുള്ള പുരസ്‌ക്കാരത്തിനൊപ്പമുണ്ടായിരുന്ന ഇന്ദിരാ ഗാന്ധിയുടെ പേരും ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരത്തില്‍ ഉണ്ടായിരുന്ന നര്‍ഗീസ് ദത്തിന്റെ പേരും ഇതോടെ ഒഴിവായി. അതേസമയം ഫാല്‍ക്കെ അവാര്‍ഡിനടക്കം സമ്മാനത്തുക വര്‍ധിപ്പിക്കുകയും ചെയ്തു.

1980ലാണ് മികച്ച നവാഗത സംവിധായകനുള്ള ചിത്രത്തിന് ഇന്ദിര ഗാന്ധിയുടെ പേരിലുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഈ പുരസ്‌കാരം ആദ്യമായി നേടിയത് അജയന്‍ സംവിധാനം ചെയ്ത പെരുന്തച്ചന്‍ മലയാളം സിനിമയാണ്. പിന്നീട് എട്ടു തവണ കൂടി മലയാളസിനിമാ സംവിധായകര്‍ ഈ അവാര്‍ഡിന് അര്‍ഹരായി.

1965ലാണ് നര്‍ഗിസ് ദത്തിന്റെ പേരിലുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഈ പുരസ്‌കാരം നേടിയ ആദ്യ മലയാള സിനിമ 1968 ല്‍ ജോണ്‍ ശങ്കരമംഗലം സംവിധാനം ചെയ്ത ജന്മഭൂമി ആണ്.

ഇന്ത്യന്‍ സിനിമയ്ക്കു നല്‍കിയ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തി നല്‍കുന്ന ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡിന്റെ പുരസ്‌കാരത്തുക പത്തു ലക്ഷം രൂപയില്‍ നിന്ന് പതിനഞ്ചു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. സുവര്‍ണ്‍ കമല്‍, രജത് കമല്‍ എന്നീ അവാര്‍ഡുകളുടെ തുക യഥാക്രമം മൂന്നു ലക്ഷം രൂപയായും രണ്ടു ലക്ഷം രൂപയായും വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ഇനി അനിമേഷന്‍, സ്‌പെഷ്യല്‍ ഇഫക്റ്റ്‌സ് വിഭാഗങ്ങളില്‍ വേറെവേറെ അവാര്‍ഡുകള്‍ ഉണ്ടായിരിക്കില്ല. രണ്ടു വിഭാഗങ്ങളും ചേര്‍ത്ത് ആയിരിക്കും അവാര്‍ഡ് നല്‍കുക. എ.വി.ജി.സി. അഥവാ അനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റ്‌സ്, ഗെയ്മിങ് ആന്‍ഡ് കോമിക്‌സ് എന്നാണ് ഇരു വിഭാഗങ്ങളും ചേര്‍ത്തുള്ള പുതിയ പേര്.

ബെസ്റ്റ് ഓഡിയോഗ്രാഫി അവാര്‍ഡ് എന്ന വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതും ഒഴിവാക്കി. ഇനി മുതല്‍ മികച്ച സൗണ്ട് ഡിസൈനര്‍ക്കാകും പുരസ്‌കാരം ലഭിക്കുക. 50000 രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി അവാര്‍ഡു തുക വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു.

 

Latest News