ഇൻഡോനേഷ്യയിൽ വൃക്കരോഗത്തെ തുടർന്ന് നൂറോളം കുട്ടികൾ മരിച്ച സാഹചര്യത്തിൽ കുട്ടികൾക്കുള്ള ദ്രാവക രൂപത്തിലുള്ള മരുന്നുകൾക്കു താത്കാലിക നിരോധവുമായി സർക്കാർ. ഈ വർഷം 20 പ്രവിശ്യകളിൽ നിന്നായി 206 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 99 കുട്ടികൾ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.
കുട്ടികളുടെ വൃക്കകൾക്ക് തകരാർ സംഭവിക്കുന്നതിന് പിന്നിൽ ചില സിറപ്പുകളാണെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സിറപ്പുകൾ ഏതു രോഗത്തിന് നൽകിയതാണന്നോ രാജ്യത്ത് നിർമിച്ചതാണോ ഇറക്കുമതി ചെയ്തതാണോ എന്നത് വ്യക്തമല്ല. തുടർന്നാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറപ്പുകളുടെ വിൽപന താത്കാലികമായി നിർത്തിവെയ്ക്കാൻ ആരോഗ്യമന്ത്രാലയം നിർദേശം നൽകിയത്.
കുട്ടികൾക്കിടയിൽ വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങൾ കൂടുന്നത് പരിശോധിക്കാൻ ഇൻഡോനേഷ്യൻ സർക്കാർ ഒരു വിദഗ്ദ്ധ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. അതിൽ പ്രാദേശിക ആരോഗ്യ, ശിശുരോഗ വിഭാഗം ഉദ്യോഗസ്ഥരും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളുമാണുള്ളത്.